കൊച്ചി: ലയണൽ മെസ്സിയുടെ പേരിലുള്ള സ്പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ മന്ത്രി വി. അബ്ദുറഹിമാനെ പ്രതി ചേർക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് എസ്.ഐ.ടിക്ക് കൈമാറി. എ.ഡി.ജി.പി പി. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുക.
വി. അബ്ദുറഹിമാനൊപ്പം സി. സത്യപാലൻ, യു. ഷറഫലി എന്നിവരെയും കേസിൽ ഉടൻ പ്രതി ചേർക്കും. ഉത്തരവിന്റെ പകർപ്പ് മീഡിയവണിന് ലഭിച്ചു.
പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വി. അബ്ദുറഹിമാനെതിരെ ചുമത്തിയിരിക്കുന്നത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, 11, 13(1)(എ), 13(2) എന്നിവ പ്രകാരമായിരിക്കും നടപടി.
നിലവിൽ കേസിൽ ആന്റോ അഗസ്റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയാണ് രണ്ടാം പ്രതി. കൂടുതൽ പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ആകെ പ്രതികളുടെ എണ്ണം അഞ്ചാകും. കേസിൽ മറ്റുള്ളവരുടെ പങ്കും വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.
അതേസമയം, സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പ് അന്വേഷണത്തിൽ രേഖകൾ സമർപ്പിക്കാൻ കൂടുതൽ സമയം തേടിയിരിക്കുകയാണ് റിപ്പോർട്ടർ ടിവി. കൊല്ലം ജി.എസ്.ടി ഇന്റലിജൻസ് ഓഫീസിൽ അഭിഭാഷകൻ വഴി ഹാജരായാണ് കമ്പനി സാവകാശം ആവശ്യപ്പെട്ടത്. കൈവശമുള്ള ചില രേഖകൾ സമർപ്പിച്ചതായും, ബാക്കിയുള്ളവ പൊലീസിന്റെയും കോടതിയുടെയും പക്കലായതിനാൽ കൂടുതൽ സമയം വേണമെന്നും കമ്പനി ഉദ്യോഗസ്ഥരെ അറിയിച്ചതായാണ് വിവരം.
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനായി ആർബിസി കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ജി.എസ്.ടി വകുപ്പ് അന്വേഷണം നടത്തുന്നത്.
ഇടപാടുകളിൽ 25.78 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപയുടെ ബാധ്യത ചൂണ്ടിക്കാട്ടി നേരത്തെ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.