പേരാമ്പ്ര: പേരാമ്പ്രയില്‍ യുവതിയെ മദ്യവും ലഹരിവസ്തുക്കളും നല്‍കി കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ പിടിയില്‍. വെള്ളിയൂര്‍ വലിയപറമ്പ് ജാസിഫ്, കരുവണ്ണൂര്‍ ചമ്പോളി സാക്കിര്‍ ഹുസൈന്‍, നടുവണ്ണൂര്‍ കളയംകുളത്ത് റജീഷ്, നടുവണ്ണൂര്‍ താനിപ്പറ്റ അഭിലാഷ് എന്നിവരാണ് പിടിയിലായത്. പേരാമ്പ്ര പോലീസ് ഒരു രാത്രി മുഴുവന്‍ നീണ്ട തീരച്ചിലിനൊടുവില്‍ അതിസാഹസികമായാണ് വലയില്‍ ആക്കിയത്.

കാപ്പാട്, കോഴിക്കോട് മാങ്കാവ് ആഴ്ചവട്ടം, കരുവണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രതികളെ പോലീസ് പിടികൂടിയത്. പരാതി രജിസ്റ്റര്‍ ചെയ്തു മണിക്കൂറുകള്‍ക്കകം പിടികൂടിയ പ്രതികളെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ എത്തിച്ചു അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി.

യുവതിയെ പലസ്ഥലങ്ങളിലായി കൊണ്ട് പോയാണ് മദ്യവും ലഹരിയും നല്‍കി പ്രതികള്‍ ലൈംഗികമായി പീഡിപ്പിച്ചത്. ഇതില്‍ പ്രതിയായ റജീഷ് കാപ്പാ നിയമപ്രകാരം നാടുകടത്തപ്പെട്ടായാളാണ്. മുമ്പും ഇയാള്‍ കാപ്പക്കേസ് നിലനില്‍ക്കെ സ്വന്തം പിതാവിനെ മര്‍ദിച്ചു വാരിയെല്ല് അടിച്ചു പൊട്ടിച്ച കേസില്‍ പ്രതിയാണെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്നും പോലീസ് പറഞ്ഞു.

ഈ കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് കേസിന്റെ ചുമതല വഹിക്കുന്ന പേരാമ്പ്ര എ.എസ്.പി ആരതി ഐ.പി.എസ് അറിയിച്ചു. പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍. എംകെ, എസ്.പി സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ സിഎം.സുനില്‍കുമാര്‍, എസ്.സി.പി.ഒ ശോഭിത്ത്, സി.പി.ഒ ലിധിന്‍ പേരാമ്പ്ര പോലീസ് സബ് ഇന്‍സ്പെക്ടര്‍ ശിവപ്രസാദ്, ഡ്രൈവര്‍ സി.പി.ഒ ബൈജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.