തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജവെപ്പ് ദിനമായ ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.
സംസ്ഥാനത്തെ എല്ലാ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.
ഒക്ടോബർ 18 വൈകിട്ടാണ് പൂജവെപ്പ് ചടങ്ങുകൾ ആരംഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 19-ന് കൂടി അവധി അനുവദിക്കണമെന്ന് സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
കലണ്ടർ പ്രകാരം ഒക്ടോബർ 19 തിങ്കളാഴ്ച അഷ്ടമിയും, 20 ചൊവ്വാഴ്ച നവമിയും, 21 ബുധനാഴ്ച വിജയദശമിയുമാണ്. സർക്കാർ കലണ്ടറിലും 18-ന് പൂജവെപ്പ്, 19-ന് ദുർഗ്ഗാഷ്ടമി, 20-ന് മഹാനവമി ആയുധപൂജ, 21-ന് വിജയദശമി പൂജയെടുപ്പ് എന്ന ക്രമത്തിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
പുതിയ ഉത്തരവ് പ്രകാരം ഒക്ടോബർ 18, 19, 20, 21 തീയതികളിൽ തുടർച്ചയായ അവധി ലഭിക്കും. ശനിയാഴ്ചത്തെ അവധി കൂടി കണക്കിലെടുക്കുമ്പോൾ ഇത്തവണ നവരാത്രിയോടനുബന്ധിച്ച് അഞ്ച് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും.