ധാക്ക: മക്കയിലെ പള്ളിയിൽ അധാർമിക പ്രവൃത്തി ചെയ്തുവെന്നാരോപിച്ച് രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി. സൗദി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, വധശിക്ഷാ നടപടിയെക്കുറിച്ച് തങ്ങൾക്ക് മുൻകൂട്ടി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് ജിദ്ദയിലെ ബംഗ്ലാദേശ് കോൺസുലേറ്റ് വ്യക്തമാക്കി.

നസറുൽ ഇസ്‌ലാം അബ്ദുൽ ബസീർ, സിതി അക്തർ എന്നീ രണ്ട് ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. സൗദി സുരക്ഷാ വിഭാഗം ഇരുവരെയും അറസ്റ്റ് ചെയ്ത് നടത്തിയ അന്വേഷണത്തിന് ശേഷം കേസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. കുറ്റം തെളിഞ്ഞതിനെത്തുടർന്ന് കോടതി ഇവർക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

സംഭവസ്ഥലത്തിന്റെയും സമയത്തിന്റെയും പവിത്രത ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് അധികൃതർ ഈ കടുത്ത നടപടി സ്വീകരിച്ചത്. ബന്ധപ്പെട്ട അതോറിറ്റികൾ വിധി ശരിവെക്കുകയും തുടർന്ന് രാജകീയ ഉത്തരവ് പുറത്തുവരികയും ചെയ്ത ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

തങ്ങൾക്ക് യാതൊരുവിധ മുൻകൂട്ടി അറിയിപ്പും ലഭിക്കാത്തതിൽ പ്രതിഷേധിച്ചും വിശദീകരണം ആവശ്യപ്പെട്ടും ജിദ്ദയിലെ ബംഗ്ലാദേശ് മിഷൻ രംഗത്തുവന്നു. സംഭവത്തിൽ സൗദി വിദേശകാര്യ മന്ത്രാലയത്തിനോട് അന്വേഷിച്ചിട്ടുണ്ടെന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കിയെങ്കിലും, പ്രതികൾ പള്ളിക്കുള്ളിൽ ചെയ്ത കുറ്റകൃത്യത്തിന്റെ കൃത്യമായ സ്വഭാവം എന്താണെന്ന് സൗദി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. കൂടാതെ, സംഭവവുമായി ബന്ധപ്പെട്ട പള്ളിയുടെ പേരോ അറസ്റ്റ് നടന്ന തീയതിയോ സംബന്ധിച്ച വിവരങ്ങളും ഔദ്യോഗിക പ്രസ്താവനയിൽ ഇല്ല