കൊല്ലം: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന ഉപാധ്യക്ഷയുമായ ആർ. ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു.
കൊല്ലം പുനലൂരിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കവെയാണ് വിവാദ പരാമർശം. ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തെ രാഹുൽ ഗാന്ധി 'താണ്ഡവം' എന്ന് വിശേഷിപ്പിച്ചതിനെ പരാമർശിച്ച്, അത് ലഹരി അമിതമായി ശരീരത്തിൽ കയറിയാലുള്ള പിടച്ചിലാണെന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.
"രാഹുൽ കാണിക്കുന്നത് അമിതമായി ലഹരി ശരീരത്തിൽ കയറിയാലുള്ള അസ്വസ്ഥതയാണ്" എന്ന രീതിയിലായിരുന്നു പരാമർശം.
യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളത്തിന്റെ പരാതിയിലാണ് കേസ്. ഭാരതീയ ന്യായ സംഹിത 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചു എന്നാണ് എഫ്ഐആർ. ജാമ്യം ലഭിക്കാവുന്ന കുറ്റമാണിത്.
അതേസമയം, തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ.എസ്. ശബരിനാഥനും സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. താണ്ഡവം എന്ന പവിത്രമായ പദത്തെ ലഹരിയുമായി ബന്ധിപ്പിച്ചത് മതവികാരം വ്രണപ്പെടുത്തിയെന്നും രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്നുമാണ് പരാതി.