കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയിൽ അറിയിച്ചു.
പ്രിയദർശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാർജ് വർധിപ്പിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എട്ട് സംഘടനകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ ഓഫീസിൽ ചേർന്ന സംഘടനകളുടെ സംയുക്ത യോഗമാണ് പണിമുടക്ക് തീരുമാനിച്ചത്.
പ്രിയദർശിനി നഷ്ടം മറികടക്കാൻ ബസ് ഉടമകൾക്ക് ആനുകൂല്യം പ്രഖ്യാപിക്കണം, ബസ് ചാർജ് മിനിമം 15 രൂപയാക്കണം, വിദ്യാർത്ഥി കൺസെഷൻ അഞ്ച് രൂപയാക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പ്രിയദർശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കുക, ദൈനംദിന ചിലവ് വർധിക്കുന്നതിനനുസരിച്ച് വരുമാനം വർധിപ്പിക്കുന്നതിന് ബസ് ചാർജ് വർധിപ്പിക്കുക, ടൈമിങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകളും കുടുംബാംഗങ്ങളും 14-ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് മാർച്ചും ധർണയും നടത്തും.