കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ അപകടക്കേസിൽ പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി എയർപോർട്ട് വിഐപി റോഡിലായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതവേഗതയിലെത്തിയ മിനി കൂപ്പർ ഇടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നീ 21 വയസുകാരാണ് മരിച്ചത്.
കേസിൽ നിർണായക തെളിവാണ് ഇന്നലെ പുറത്തുവന്നത്. സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടി മദ്യം ഉണ്ടായിരുന്നുവെന്ന് കാക്കനാട് റീജ്യണൽ കെമിക്കൽ ലാബ് റിപ്പോർട്ട് വ്യക്തമാക്കി. അനുവദനീയമായത് 30mg ആണ്, സുഹൈലിന് 150mg ഉണ്ടായിരുന്നു. നെടുമ്പാശ്ശേരിയിലെ ബാറിൽ 4,396 രൂപയുടെ ബില്ലും കണ്ടെത്തി.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷൻ. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും രണ്ട് ദിവസത്തെ കസ്റ്റഡി കൊണ്ട് അന്വേഷണം പൂർത്തിയാക്കാനാവില്ലെന്നും പോലീസ് കോടതിയെ അറിയിച്ചു.
അതേസമയം ദൃക്സാക്ഷികളില്ല, ഇരുചക്രവാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചതാണ് അപകടകാരണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. മൂന്നുപേർ ഒരു സ്കൂട്ടറിൽ വന്നതിൽ ദുരൂഹതയുണ്ടെന്നും വേഗം തെളിയിക്കാൻ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു. ഈ വാദത്തെ കോടതി നിശിതമായി വിമർശിച്ചിരുന്നു.
വെള്ളിയാഴ്ച വൈകീട്ട് 3 മുതൽ 6.30 വരെ നീണ്ട വാദത്തിനൊടുവിലാണ് വിധി ഇന്നത്തേക്ക് മാറ്റിയത്. സുഹൈലിനൊപ്പമുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധിയുണ്ട്.