കോഴിക്കോട്: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞ് വൻ സൈബർ തട്ടിപ്പ്. കോഴിക്കോട് കുതിരവട്ടം സ്വദേശിനിയായ 57-കാരിക്ക് നഷ്ടമായത് 1.35 കോടി രൂപ.
മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്സ്ആപ്പ് വഴിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. ആധാർ കാർഡ് ഉപയോഗിച്ച് വ്യാജ സിം എടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നും യുവതി നിരീക്ഷണത്തിലാണെന്നും വെർച്വൽ അറസ്റ്റ് രേഖപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തി.
അക്കൗണ്ടിലേക്ക് തട്ടിപ്പ് പണം എത്തിയിട്ടുണ്ടെന്നും ആ തുക ആർബിഐ പരിശോധനയ്ക്കായി നൽകിയാൽ പലിശ സഹിതം തിരികെ ലഭിക്കുമെന്നും വിശ്വസിപ്പിച്ചാണ് പണം തട്ടിയത്.
കഴിഞ്ഞ മാസം 22 മുതൽ ഈ മാസം 15 വരെ രണ്ട് നമ്പറുകളിൽ നിന്നായി നിരന്തരം വിളിച്ചായിരുന്നു തട്ടിപ്പ്. മൂന്ന് അക്കൗണ്ടുകളിൽ നിന്നായി 13 ഇടപാടുകളിലൂടെ 1,35,14,000 രൂപയാണ് യുവതി കൈമാറിയത്.
സംശയം തോന്നി കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.