ന്യൂഡൽഹി: ഇന്റർനെറ്റ് ലഭ്യത മൗലികാവകാശമാണെന്നും കുട്ടികളെ ഇതിൽ നിന്ന് പൂർണമായി വിലക്കാനാകില്ലെന്നും സുപ്രീംകോടതി. ഭരണഘടനയുടെ 19(1)(എ), 21 അനുച്ഛേദങ്ങൾ ചേർത്ത് വായിക്കുമ്പോൾ ഇന്റർനെറ്റ് സേവനം ലഭിക്കാനും ഉപയോഗിക്കാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണെന്ന് പറയുന്നതിൽ യാതൊരു മടിയുമില്ലെന്ന് ജസ്റ്റിസ് ജെ.ബി പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

'നമ്മുടെ കുട്ടികൾക്കും, അവരുടെ പ്രായം എന്തുതന്നെയായാലും, ഇതേ അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നത് അസംബന്ധമാണ്. കുട്ടികളുടെ സുരക്ഷയും അവരുടെ സ്വാതന്ത്ര്യവും തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ല' - കോടതി നിരീക്ഷിച്ചു.

കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണ ദൃശ്യങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്യണമെന്ന കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

ആർട്ടിക്കിൾ 19(1)(എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിവരങ്ങളും ആശയങ്ങളും അറിയാനും സ്വീകരിക്കാനും കൈമാറാനുമുള്ള അവകാശവും ഉൾപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ആശയങ്ങളുടെയും വിവരങ്ങളുടെയും വലിയ വേദിയാണ് ഇന്റർനെറ്റ്. പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് പഠനത്തിനും വിവരങ്ങൾ അറിയുന്നതിനും ഇന്റർനെറ്റ് മാത്രമാണ് പലപ്പോഴും ആശ്രയമെന്നും കോടതി പറഞ്ഞു.

സുരക്ഷയുടെ പേരിൽ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്മേൽ സമ്പൂർണ വിലക്ക് ഏർപ്പെടുത്തുന്നത് അവരുടെ സ്വാതന്ത്ര്യത്തെയും സ്വകാര്യതയെയും ലംഘിക്കുന്നതാണെന്നും ലൈംഗികാതിക്രമങ്ങൾ നേരിടേണ്ടിവരുമ്പോൾ സഹായം തേടാനുള്ള അവരുടെ അവസരങ്ങൾ ഇല്ലാതാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

വിലക്കിന് പകരം പ്ലാറ്റ്‌ഫോമുകൾ കുട്ടികൾക്ക് സുരക്ഷിതമായ 'ചൈൽഡ് മോഡ്', അക്കൗണ്ടുകൾ സ്വതവേ പ്രൈവറ്റ് ആക്കുക, രക്ഷിതാക്കൾക്ക് നിരീക്ഷണത്തിനുള്ള സംവിധാനം തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ശക്തിപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.