കോഴിക്കോട്: കോഴിക്കോട് വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ മൂന്ന് പേരെകൂടി പൊലീസ് പ്രതി ചേർത്തു . മെറ്റയിൽ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനാൽ കൂടുതൽ പേരിലേക്ക് അന്വേഷണം നടത്താൻ കഴിയുന്നില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം . വിവരങ്ങൾ ലഭിക്കാനായി കോടതി നോട്ടീസ് അയക്കണമെന്ന് ആവശ്യപ്പെട്ട് വടകര കോടതിയിൽ പൊലീസ് അപേക്ഷ നൽകും.



കാഫിർ സ്‌ക്രീൻ ഷോട്ട് ഫേസ്ബുക്കിൽ ഷെയർ ചെയ്ത തൃശൂർ സ്വദേശിയായ സിപിഎം മെമ്പർ വഹാബ് , സിപിഎം പ്രവർത്തകരായ കോഴിക്കോട് നദാപുരം സ്വദേശി അതുൽ, കോഴിക്കോട് തിരുവള്ളൂർ സ്വദേശി അതുൽ പ്രസാദ് എന്നിവരെയാണ് പ്രതി ചേർത്തത് . 3 പേരെയും ചോദ്യം ചെയ്ത് വിട്ടയച്ചു . ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല . കൂടുതൽ പേരെ പ്രതി ചേർക്കാൻ മെറ്റയിൽ നിന്നും വിവരങ്ങൾ ആവശ്യപെട്ടിട്ടും മെറ്റ വിവരങ്ങൾ കൈമാറിയില്ല എന്നാണ് അന്വേഷണ സംഘം പറയുന്നത് . മെറ്റയോട് വിവരങ്ങൾ ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം വടകര കോടതിയിൽ അപേക്ഷ നൽകും .

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്താണ് കാഫിർ സ്‌ക്രീൻ ഷോട്ട് സൃഷ്ടിച്ചത് . ഷാഫി പറമ്പിൽ 5 നേരം നമസ്കരിക്കുന്ന ദീനിയായ ചെറുപ്പക്കരനാണ് . മറുവശത്ത് കാഫിറായ സ്ത്രീ സ്ഥാനാർഥിയാണ് . നമുക്ക് ആർക്കാണ് വോട്ട് ചെയ്യേണ്ടത് എന്നാണ് സ്ക്രീൻ ഷോട്ടിൽ ഉണ്ടായിരുന്നത് . രാഷ്ട്രീയ ലക്ഷ്യമിട്ട് സിപിഎം പ്രവർത്തകരാണ് വർഗീയ സ്ക്രീൻ ഷോട്ട് നിർമിച്ചതെന്ന് പൊലീസ് കണ്ടെത്തി . ഡിവൈഎഫ്ഐ നേതാക്കളായ റിബേഷ് രാമകൃഷ്‌ണൻ , ജിതിൻ ഭാസ്കർ , അമൽ എന്നിവരാണ് നേരെ അറസ്റ്റിലായത് . ജിതിൻ ഭാസ്‌ക്കറാണ് കാഫിർ സ്ക്രീൻ ഷോട്ട് നിർമിച്ചതെന്നാണ് ഇപ്പോൾ കണക്കാക്കുന്നത് .