പൊന്നാനി: പെരുമ്പടപ്പ് കോടത്തൂരിൽ മധ്യവയസ്കനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കോടത്തൂർ പുല്ലാര വീട്ടിൽ അപ്പുവിനെയാണ് (52) വീടിന് മുന്നിലെ റോഡരികിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറും പൂർണമായി കത്തിനശിച്ച നിലയിലാണ്. മലയാള മനോരമ ഏജന്റായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം.
ഇന്ന് പുലർച്ചെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പെരുമ്പടപ്പ് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.