ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ കോഴിക്കോട്, മലപ്പുറം സ്വദേശികളായ ദമ്പതികളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.

കൊടുവള്ളി സ്വദേശി അസ്‌ലം എൻ.സി. (30), ഭാര്യ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫർസാന (28) എന്നിവരുടെ മരണത്തിലാണ് പുതിയ വിവരങ്ങൾ.

ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുഗ്രാം സെക്ടർ 68ലെ ബാദ്ഷാപൂർ മേഖലയിലെ എം3എം മറീന സൊസൈറ്റിയിലെ ഫ്ലാറ്റിലാണ് സംഭവം.

മരണത്തിന് മുമ്പ് അസ്‌ലം ജോലി ചെയ്തിരുന്ന സ്വകാര്യ കമ്പനിക്ക് അയച്ച ഇമെയിൽ സന്ദേശമാണ് സംഭവം പുറത്തറിയാൻ കാരണമായത്. പിതാവിന്റെയും ഫ്ലാറ്റ് ഉടമയുടെയും ഫോൺ നമ്പറുകൾ ഉൾപ്പെടുത്തി, വിവരം അവരെ അറിയിക്കണമെന്ന് ഇമെയിലിൽ ആവശ്യപ്പെട്ടിരുന്നു.

സന്ദേശം കണ്ട കമ്പനി അധികൃതർ ഉടൻ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഫ്ലാറ്റ് തുറന്ന് പരിശോധിച്ചപ്പോൾ ഫർസാനയെ കിടപ്പുമുറിയിൽ മരിച്ച നിലയിലും അസ്‌ലമിനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് ബാദ്ഷാപൂർ എസ്‌എച്ച്‌ഒ ഇൻസ്പെക്ടർ മനോജ് കുമാർ അറിയിച്ചു. ഇമെയിൽ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.