ന്യൂഡൽഹി: ഹൂതികളുടെ ആക്രമണത്തെ തുടർന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുന്നത് ഒക്ടോബർ 20 വരെ നീട്ടി എയർ ഇന്ത്യ.
റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ച് ഇന്ത്യയിലേക്കുമുള്ള സർവീസുകളാണ് റദ്ദാക്കിയത്. പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ നിരന്തരം നിരീക്ഷിച്ച ശേഷം സുരക്ഷിതമായി സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യം വിലയിരുത്തുമെന്ന് കമ്പനി അറിയിച്ചു. നേരത്തെ ഒക്ടോബർ 17 വരെയായിരുന്നു സർവീസുകൾ റദ്ദാക്കിയിരുന്നത്.
ബുക്ക് ചെയ്ത ടിക്കറ്റിന്റെ നിരക്ക് മുഴുവനും യാത്രക്കാർക്ക് തിരികെ നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു.
അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ വിവിധയിടങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതിനെ തുടർന്ന് എയർ ഇന്ത്യക്ക് പുറമെ ആകാശ എയർ, ഇൻഡിഗോ എന്നിവയും കഴിഞ്ഞയാഴ്ച റിയാദിലേക്കുള്ള സർവീസുകൾ നിർത്തിവെക്കുകയോ എണ്ണം കുറക്കുകയോ ചെയ്തിരുന്നു. ഇരു കമ്പനികളും ഒക്ടോബർ 17 വരെയാണ് സർവീസ് നിർത്തിവെച്ചത്.
സൗദി നഗരങ്ങളിലേക്കുള്ള സർവീസുകൾ എയർ ഫ്രാൻസ്, ഇത്തിഹാദ് എയർവേസ്, മലേഷ്യ എയർലൈൻസ് ഉൾപ്പെടെ മിക്ക അന്താരാഷ്ട്ര എയർലൈനുകളും നിർത്തിവെച്ചിട്ടുണ്ട്.