കണ്ണൂർ: കണ്ണൂരിലെ പ്രമുഖ വ്ലോഗറായ ചാലാട് സ്വദേശി അനൂപ് (33) വാഹനാപകടത്തിൽ മരിച്ചു.

മാഹിയിലെ പള്ളിപ്പെരുന്നാൾ ചിത്രീകരിക്കാൻ സുഹൃത്തിനൊപ്പം പോകുമ്പോഴാണ് അപകടം. നടാലിൽ ദേശീയപാതയിൽ വെച്ച് നിയന്ത്രണം വിട്ട കാർ അനൂപും സുഹൃത്ത് ഷബീറും സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചശേഷം ബൈക്കിൽ തട്ടുകയും ഇരുവരും സർവീസ് റോഡിൽ നിർത്തിയിട്ട ബൈക്കിന് മുകളിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അനൂപിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഗുരുതരമായി പരിക്കേറ്റ ഷബീർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന അനൂപ് പൊതുപ്രശ്നങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായിരുന്നു. 12 മണിക്കൂർ മുൻപ് കണ്ണൂർ ദസറയെ കുറിച്ച് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരുന്നു.