തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം സജീവമായതോടെ സംസ്ഥാനത്ത് മഴ ശക്തമാകുന്നു.
ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നാളെ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ മാത്രമായിരിക്കും യെല്ലോ അലർട്ട് ഉണ്ടായിരിക്കുക. മറ്റ് ജില്ലകളിൽ നിലവിൽ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും തന്നെ പുറപ്പെടുവിച്ചിട്ടില്ല.
കേരളം, മാഹി, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കൽ, തീരദേശ ആന്ധ്രാപ്രദേശ്, റായലസീമ, തെക്കൻ ഉൾനാടൻ കർണാടക എന്നിവിടങ്ങളിൽ തുലാവർഷം ഔദ്യോഗികമായി ആരംഭിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.