എടവണ്ണ: മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ എടവണ്ണ കുണ്ടുതോട് സ്വദേശി പിടിയിൽ. ജസൽ ജിലാനി തങ്ങൾ (35) യെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. വയറുവേദന മാറ്റിത്തരാം എന്ന് പറഞ്ഞ് പ്രതി പെൺകുട്ടിയെയും മാതാവിനെയും കുണ്ടുതോട്ടിലെ വീട്ടിലെത്തിക്കുകയായിരുന്നു. തുടർന്ന് വ്യാജ ചികിത്സക്കിടെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

പിന്നീട് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിലായ പ്രതി, ആഗസ്തിൽ ഇരുവരും നാടുവിട്ടു. തുടർന്ന് ഇവരെക്കുറിച്ച് വിവരം ലഭിക്കാതെ വന്നതോടെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം ഊർജിതമാക്കി.

നിലമ്പൂർ ഡിവൈഎസ്പി കെ. റഫീഖ്, വണ്ടൂർ സിഐ ഗോപകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ നിലമ്പൂർ സ്ക്വാഡ് അന്വേഷണം ആരംഭിച്ചു.

പ്രതിയും സ്ത്രീയും കാസർകോട് - കർണാടക അതിർത്തിയായ ആനക്കല്ല് എന്ന സ്ഥലത്തെ ഉൾപ്രദേശത്ത് ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എടവണ്ണ പൊലീസും നിലമ്പൂർ സ്ക്വാഡും ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

എടവണ്ണ എസ്ഐ വാസുദേവൻ ഓട്ടുപാറ, എഎസ്ഐ ജാൻസി, സിവിൽ പൊലീസ് ഓഫീസർമാരായ സുബിൻ, സ്ക്വാഡ് അംഗങ്ങളായ പി. സാബിറലി, സി.കെ. സജേഷ്, സജീഷ് നിലമ്പൂർ, എം. കൃഷ്ണദാസ് എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഇയാൾക്കെതിരെ എടവണ്ണ പൊലീസ് സ്റ്റേഷനിൽ ഭാര്യയെ ഉപദ്രവിച്ചതുൾപ്പെടെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.