വടകര: അധ്യാപികമാർ പ്രതിയായ വടകര എം.ഡി.എം.എ സാമ്പത്തിക ഇടപാട് കേസിൽ മുഖ്യപ്രതി ഷിന്റോ ഷിബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വടകര എസ്.എച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ണൂർ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. വടകര എൻ.ഡി.പി.എസ് കോടതിയുടെ അനുമതിയോടെയാണ് നടപടി.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനായി ഇന്ന് കോടതിയിൽ അപേക്ഷ നൽകും. നിലവിൽ മറ്റൊരു ലഹരി കേസിൽ കണ്ണൂർ ജയിലിൽ റിമാൻഡിലാണ് ഷിന്റോ. ഷിന്റോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതോടെ വടകര സാമ്പത്തിക ഇടപാട് കേസിലെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷ. വടകരയിലെ കേസിൽ പ്രധാന പ്രതിയായ ഷിന്റോയുടെ അക്കൗണ്ടിലേക്കാണ് അധ്യാപികമാർ ഉൾപ്പെടെയുള്ള പ്രതികൾ പണം കൈമാറിയിരുന്നതെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഹൈദരാബാദ് പോലീസിന്റെ സഹായത്തോടെ കോഴിക്കോട് സിറ്റി പോലീസ് ഷിന്റോ ഷിബുവിനെ ഹൈദരാബാദിൽ നിന്ന് പിടികൂടിയത്. കണ്ണൂരിൽ 51.5 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസിലായിരുന്നു അറസ്റ്റ്. ഷിന്റോ പിടിയിലായതോടെ മലബാർ കേന്ദ്രീകരിച്ചുള്ള നിരവധി ലഹരി ഇടപാടുകളുടെ ചുരുളഴിക്കാമെന്നാണ് പോലീസ് പ്രതീക്ഷ.
ജൂൺ 28ന് വടകരയിൽ നിന്ന് സഫ്വാൻ എന്ന യുവാവിനെ എം.ഡി.എം.എയുമായി പിടികൂടിയതോടെയാണ് വടകര എം.ഡി.എം.എ കേസിലെ അധ്യാപികമാരുടെ പങ്കും വെളിപ്പെട്ടത്. ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി എജന്റുമായ ജിജിൽ കുര്യാക്കോസ്, വയനാട് സ്വദേശികളായ അജിത്ത്, വിശാൽ തുടങ്ങിയവരും പിടിയിലായെങ്കിലും ഷിന്റോയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പേരാമ്പ്ര ബിആർസിയിലെ സ്പെഷൽ എജ്യുക്കേറ്റർ മരുതോങ്കര സ്വദേശി കീർത്തന (31), ചെരുവാളൂർ സർക്കാർ എൽപി സ്കൂളിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ. കാവ്യ (29), പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷൽ എജ്യുക്കേറ്റർ ആവള കുട്ടോത്ത് വലിയപറമ്പിൽ വി.പി നീഷ്മ (30) എന്നിവരാണ് പിടിയിലായ അധ്യാപികമാർ.