പാലക്കാട്‌: പട്ടാമ്പി പരുതൂർ ഹയർസെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ വെച്ച് സഹപാഠിയുടെ വെടിയേറ്റ് ഒൻപതാം ക്ലാസ് വിദ്യാർഥിക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം.

ഒമ്പതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠിയുടെ കൈയിലെ തോക്കിൽ നിന്നും വെടിയേറ്റത്. വീട്ടിൽ ഉണ്ടായിരുന്ന നാടൻ തോക്ക് സഹപാഠിക്ക് കാണിക്കാൻ കൊണ്ടുവന്നതായിരുന്നു എന്നാണ് പറയപ്പെടുന്നത്. തോക്ക് കാണിക്കുന്നതിനിടെ രണ്ട് തവണയാണ് വെടിപൊട്ടിയത്.

വെടിയേറ്റ് തോളെല്ലിന് പരിക്കേറ്റ വിദ്യാർഥിയെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തോക്കിന് ലൈസൻസ് ഉണ്ടോയെന്നും ആരുടെ പേരിലാണെന്നും എങ്ങിനെ കുട്ടിയുടെ കൈയിൽ വന്നു എന്നതടക്കം വിശദമായ അന്വേഷണം നടത്തും.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ധീൻ പൊതു വിദ്യാഭ്യാസ ഡയറക്ടറോട് ആവശ്യപ്പെട്ടു.