കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചതിൽ ചികിത്സാപിഴവെന്ന് പരാതി. ചീമേനി ചെമ്പകാനം സ്വദേശി വി.വി. മാധവി (72) ആണ് മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾ പിന്നിട്ടിട്ടും മരണവിവരം തങ്ങളെ അറിയിച്ചില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ ബന്ധുക്കൾ പ്രതിഷേധത്തിലാണ്.
ഉത്തരവാദികൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിന് മുമ്പാകെയാണ് പ്രതിഷേധം.
ശസ്ത്രക്രിയയ്ക്കായി ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാധവിയെ ഇന്ന് രാവിലെ 7:50-ഓടെ ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറ്റുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മാധവിയെ പുറത്തിറക്കിയത്. അപ്പോഴേക്കും മാധവി മരിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
മാധവിക്ക് ശേഷം ശസ്ത്രക്രിയയ്ക്കായി കയറ്റിയ പത്തിലധികം രോഗികൾക്ക് ശസ്ത്രക്രിയ നടത്തി അവരെ ബന്ധുക്കൾക്ക് കാണിച്ചിട്ടും മാധവിയെ കാണിച്ചില്ല. മക്കൾ നിർബന്ധിച്ച് ആവശ്യപ്പെട്ടപ്പോഴാണ് കാണിക്കാൻ തയ്യാറായതെന്നും ശസ്ത്രക്രിയയ്ക്കിടയിലെ കൈപ്പിഴയാണ് മരണകാരണമെന്നും ബന്ധുക്കൾ ആരോപിക്കുന്നു.