കണ്ണൂർ: മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിക്കിടെ വൈദ്യുതി മുടങ്ങിയതിൽ സബ് എഞ്ചിനീയർക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി പിൻവലിച്ചു. ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. പി.വി. സതീഷ് ബാബുവിനെതിരായ നടപടിയാണ് പിൻവലിച്ചത്.
സർക്കാർ പരിപാടി അലങ്കോലമാക്കാൻ ഇടതു സംഘടനാ നേതാക്കൾ ഗൂഢാലോചന നടത്തിയോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
നവംബർ 21-ന് സഹകരണ സംഘം റിസ്ക് ഫണ്ടിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി പങ്കെടുക്കാൻ എത്തിയപ്പോഴാണ് വൈദ്യുതി മുടങ്ങിയത്. ഇതോടെ മന്ത്രിക്ക് മൈക്കില്ലാതെ പ്രസംഗിക്കേണ്ടി വന്നു. പിന്നീട് ജനറേറ്റർ എത്തിച്ചതിന് ശേഷമാണ് മന്ത്രിക്ക് ഉച്ചത്തിൽ പ്രസംഗിക്കാൻ സാധിച്ചത്. പിന്നാലെ ടി.ഒ. മോഹനൻ കെഎസ്ഇബി ചെയർമാന് പരാതി നൽകുകയായിരുന്നു.
തുടർന്ന് കെഎസ്ഇബി ചെയർമാൻ ഈ പരാതിയിൽ സബ് എഞ്ചിനീയറോട് വിശദീകരണം തേടി. അറ്റകുറ്റപ്പണികൾക്ക് വേണ്ടി ലൈൻ ഓഫാക്കിയതാണെന്നും മന്ത്രിയുടെ പരിപാടിയുള്ള വിവരം അറിയില്ലായിരുന്നുവെന്നുമാണ് സബ് എഞ്ചിനീയർ വ്യക്തമാക്കിയത്. എന്നാൽ ഇത് ശരിയായ വിശദീകരണമല്ലെന്ന് ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥനെ കെഎസ്ഇബി സസ്പെൻഡ് ചെയ്യുകയായിരുന്നു.