കൊയിലാണ്ടി: മുത്താമ്പിയിൽ നായ്ക്കൂട്ടം പിന്നാലെ ഓടിയതിനെത്തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷ മറിഞ്ഞു അപകടം. വൈദ്യരങ്ങാടി - കാവുംവട്ടം റോഡിലുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പിലാത്തോട്ടത്തിൽ സന്ദീപിനാണ് പരിക്കേറ്റത്.

മുത്താമ്പിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ എണ്ണം വർധിച്ചുവരുന്നത് നാട്ടുകാരെയും വാഹനയാത്രക്കാരെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിയടുക്കുന്നത് ഈ റോഡിലെ പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്.

പ്രദേശത്ത് ചിലർ പതിവായി തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതും നായ്ക്കൾ കൂട്ടമായി തമ്പടിക്കാൻ കാരണമാകുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. റോഡിലൂടെ കാൽനടയായും വാഹനങ്ങളിലുമായി സഞ്ചരിക്കുന്നവർക്ക് ഒരുപോലെ ഭീഷണിയാകുന്ന തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.