കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ വൻ എയർ റൈഫിൾ ശേഖരം പിടികൂടി കസ്റ്റംസ്. ദുബൈയിൽനിന്നെത്തിയ രമേഷ് മച്ചാട്ട്, സിജോയ് ശശി എന്നിവരുടെ ബാഗേജുകളിൽനിന്നാണ് വിവിധ മോഡലുകളിലുള്ള 11 എയർ റൈഫിളുകളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയത്. റൈഫിളുകൾ ഭാഗങ്ങളായി വേർപെടുത്തിയ നിലയിലായിരുന്നു.
ദുബൈയിൽനിന്നുള്ള ഇൻഡിഗോ 6E 1476 നമ്പർ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ ബാഗേജ് പരിശോധനയിലാണ് റൈഫിളുകൾ കണ്ടെത്തിയത്.
പിടിച്ചെടുത്ത റൈഫിളുകളുടെ പ്രഹരശേഷി ഉൾപ്പെടെയുള്ള സാങ്കേതിക വിവരങ്ങൾ പരിശോധിക്കും. ഇവ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ആവശ്യമായ രേഖകളും അനുമതിപത്രങ്ങളും യാത്രക്കാരുടെ കൈവശമുണ്ടോയെന്നും കസ്റ്റംസ് പരിശോധിച്ചുവരുകയാണ്. ഇരുവരെയും വിശദമായി ചോദ്യം ചെയ്യുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു.
പാലക്കാട് സ്വദേശിയായ രമേഷ് മച്ചാട്ട് നേരത്തെയും തോക്ക് ലൈസൻസുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇയാൾ ഉൾപ്പെട്ട കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലും എത്തിയിരുന്നു.
വിദേശത്തുനിന്ന് എയർ റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നിയമപരമായ നിയന്ത്രണങ്ങളുണ്ട്. പിടിച്ചെടുത്ത റൈഫിളുകളുടെ സാങ്കേതിക പരിശോധനക്കും രേഖകളുടെ സൂക്ഷ്മപരിശോധനക്കും ശേഷമായിരിക്കും തുടർനടപടികൾ.