മൂടാടി: നന്തി കടലൂരിൽ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. ലൈറ്റ് ഹൗസിന് സമീപം ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
കടിയേറ്റത് ഇവർക്കാണ്:
തെക്കേ കമ്മാടത്തിൽ ഹാജിറ (61), പീടിക വളപ്പിൽ മുഹമ്മദ് (22), തൈക്കണ്ടി ഹംദാൻ (16), കവരംകുന്ന് ജാനു (80), കരിയാടത്ത് നൗഷാദ് (30), കാളിയെരി ഉമ്മു കുൽസു (56), വടക്കേ വളപ്പിൽ ജുനൈസ് (42), കരിയനുകുനി ദേവി (60).
എല്ലാവരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വീട്ടുമുറ്റത്ത് നിൽക്കുമ്പോഴും സ്കൂട്ടറിലും ബൈക്കിലും സഞ്ചരിക്കുമ്പോഴുമാണ് നായ ആക്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പീടിക വളപ്പിൽ മുഹമ്മദിന്റെ കാലിനാണ് കടിയേറ്റത്. ജാനുവിന്റെ വയറിനും കാലിനും കൈക്കും കടിയേറ്റിട്ടുണ്ട്.
കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു.