കോഴിക്കോട്: ജില്ലയിൽ ഓൺലൈൻ ട്രേഡിങ് തട്ടിപ്പുകൾ വീണ്ടും സജീവമാകുന്നു. മാവൂർ കണ്ണിപറമ്പ് സ്വദേശിയായ യുവാവിനാണ് ഓൺലൈൻ ട്രേഡിങ് ആപ്പ് വഴി വൻ തുക നഷ്ടപ്പെട്ടത്. വ്യാജ ട്രേഡിങ് ആപ്പിൽ നിക്ഷേപിച്ച 15,25,000 രൂപയാണ് തട്ടിപ്പുകാർ തട്ടിയെടുത്തത്.

ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രതികൾ ഇയാളെ വിശ്വസിപ്പിക്കുകയായിരുന്നു. തുടക്കത്തിൽ ചെറിയ ലാഭം തിരികെ നൽകി വിശ്വാസം നേടിയെടുത്ത ശേഷമാണ് വൻ തുക നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.

സംഭവത്തിൽ മാവൂർ പൊലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയതായി പൊലിസ് അറിയിച്ചു.

പ്രധാന മുന്നറിയിപ്പ്: ഓൺലൈൻ വഴി ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം ആവശ്യപ്പെടുന്ന അജ്ഞാത ആപ്പുകളെയും വ്യാജ ലിങ്കുകളെയും കുറിച്ച് പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. ഇത്തരം തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ cybercrime.gov.in മുഖേനയോ സൈബർ പൊലീസിൽ പരാതിപ്പെടുക.