കൊച്ചി: ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ നികുതിവെട്ടിപ്പ് ആരോപണത്തിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ (ആർബിസി) പ്രതിനിധികൾ ഇന്ന് കൊല്ലത്തെ ജിഎസ്ടി ഇന്റലിജൻസ് യൂണിറ്റിന് മുന്നിൽ ഹാജരാകും.

അന്വേഷണ സംഘത്തിന്റെ സമൻസ് ചോദ്യം ചെയ്ത് കമ്പനി നൽകിയ ഹരജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയാണ് നടപടി.

നവംബർ 19ന് ആവശ്യമായ രേഖകളുമായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുമെന്ന് കമ്പനി ഹൈക്കോടതിയെ അറിയിച്ചിരുന്നു. രേഖകളുടെ കൂടുതൽ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ലഭിക്കാൻ സമയം ആവശ്യമുണ്ടെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ ഹാജരാകൽ.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സഹകരിച്ച് കേരളത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കുന്നതിനായി ആർബിസി കരാറിൽ ഏർപ്പെട്ടിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ജിഎസ്ടി വകുപ്പ് അന്വേഷണം നടത്തുന്നത്.

ഇടപാടുകളിൽ 25.78 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നതായാണ് ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. നികുതിയും പലിശയും പിഴയും ഉൾപ്പെടെ 56.32 കോടി രൂപയുടെ ബാധ്യത ചൂണ്ടിക്കാട്ടി നേരത്തെ കമ്പനിക്ക് നോട്ടീസ് നൽകിയിരുന്നു.