വടകര: വൈദ്യുതി ബിൽ അടയ്ക്കാൻ നൽകിയ പണം ചെലവഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ മാതാവിനെ മർദിച്ചെന്ന പരാതിയിൽ മകനെതിരെ പൊലീസ് കേസെടുത്തു. നാദാപുരത്തിനടുത്ത് ഇരിങ്ങണ്ണൂരിലാണ് സംഭവം. പോത്തേരി വീട്ടിൽ പി.സുഹറയുടെ പരാതിയിൽ മകൻ യാസിറിനെതിരെയാണ് നാദാപുരം പൊലീസ് കേസെടുത്തത്.

വീട്ടിലെ വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി സുഹറ മകന്റെ കൈവശം പണം നൽകിയിരുന്നു. എന്നാൽ യാസിർ ബില്ലടയ്ക്കാതെ പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കുകയായിരുന്നു. ഇതോടെ വൈദ്യുതി ബിൽ കുടിശ്ശികയായി. തുടർന്ന് കെ.എസ്.ഇ.ബി. ഓഫീസിൽനിന്ന് യാസിറിന് ഫോണിൽ വിളിയെത്തി. ഇതേക്കുറിച്ച് മാതാവ് ചോദ്യം ചെയ്തതാണ് മകനെ പ്രകോപിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.

നവംബർ 17-ന് രാത്രി ഒൻപത് മണിയോടെ വീട്ടിലെത്തിയ യാസിർ മാതാവുമായി തർക്കിക്കുകയും തുടർന്ന് ആക്രമിക്കുകയുമായിരുന്നു. അസഭ്യം പറയുകയും സുഹറയുടെ ഇടതുകൈ പിടിച്ച് തിരിക്കുകയും തല ചുമരിലിടിപ്പിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിലുള്ളത്. പരിക്കേറ്റ സുഹറ ആശുപത്രിയിൽ ചികിത്സ തേടി.

യാസിർ മദ്യപിച്ചെത്തി വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുകയും വീട്ടുകാരെ മർദിക്കാറുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിക്കായി നാദാപുരം പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.