മാവൂർ: മാവൂരിൽ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിൽ വൻ ചീമുട്ട ശേഖരം പിടികൂടി. മാവൂർ ഫയർ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോൾസെയിൽ മുട്ട വിതരണ കേന്ദ്രത്തിലാണ് പരിശോധന നടന്നത്.
രണ്ട് കടമുറികളിൽ നിന്നാണ് പുഴു അരിച്ച നിലയിലുള്ള മുട്ടകൾ കണ്ടെത്തിയത്. ശീതീകരിച്ച മുറിയിൽ സൂക്ഷിച്ചിരുന്ന പൊട്ടിയ കോഴിമുട്ടകളാണ് പിടിച്ചെടുത്തത്. ഏകദേശം 16,000 മുട്ടകളാണ് ഇങ്ങനെ കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട് ഫുഡ് സേഫ്റ്റി വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഡോ. ജോസഫ് കുര്യാക്കോസിന്റെ നേതൃത്വത്തിലായിരുന്നു രാവിലെ പരിശോധന.
ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുന്ന കടകളിലേക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചതാകാമെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. പിടിച്ചെടുത്ത മുട്ടകൾ നശിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
അതേസമയം, തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന മുട്ടകൾ ജീവനക്കാരെ വെച്ച് തരംതിരിച്ച് കേടുള്ളവ മാറ്റിവെച്ച് പിന്നീട് തിരിച്ചയക്കുന്നതാണെന്ന് കടയുടമ റഫീഖ് പറഞ്ഞു. ദുർഗന്ധം രൂക്ഷമായതിനാലാണ് കേടായ മുട്ടകൾ ശീതീകരിച്ച മുറിയിൽ വെച്ചതെന്നും അദ്ദേഹം അറിയിച്ചു.