കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വിദ്യാർഥികളുടെ സസ്‌പെൻഷൻ നടപടിയും കോടതി റദ്ദാക്കി. സർവകലാശാലയ്ക്കും വൈസ് ചാൻസലർ ഡോ. സിസ തോമസിനും കനത്ത തിരിച്ചടിയാണ് കോടതി വിധി. അനുകൂല വിധി വന്നതിന് പിന്നാലെ സർവകലാശാലയിൽ എസ്എഫ്‌ഐയുടെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന സമരം അവസാനിപ്പിച്ചു.

പരീക്ഷ എഴുതാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ച് പരിഗണിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സസ്‌പെൻഷൻ നടപടി സ്വീകരിച്ചതെന്ന് വിദ്യാർഥികൾ കോടതിയിൽ വാദിച്ചു.

അതേസമയം, ഖേദം പ്രകടിപ്പിച്ചാൽ 12 വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കാമെന്നായിരുന്നു സർവകലാശാല സ്വീകരിച്ച നിലപാട്. എന്നാൽ, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും സസ്‌പെൻഷൻ ഉത്തരവുകൾ പൂർണ്ണമായും റദ്ദാക്കണമെന്നും വിദ്യാർഥികൾ കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു.