അടിവാരം: മരുതിലാവിൽ പോത്തിനെ ആക്രമിച്ചു കൊന്നത് പുലിയാണെന്ന് സ്ഥിരീകരിച്ചു. കൊന്ന പോത്തിനെ വീണ്ടും ഭക്ഷിക്കാനെത്തിയ പുലിയുടെ ദൃശ്യം വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ മരുതിലാവിൽ ബാബു ചക്കച്ചങ്കണ്ടി എന്ന കർഷകന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന മൂന്ന് വളർത്ത് പോത്തുകളിൽ ഒന്നിനെയാണ് ഇന്നലെ പുലർച്ചെ 2 മണിയോടടുത്ത് ജീവി പിടിച്ചത്. ആദ്യം കടുവയാണെന്നായിരുന്നു നാട്ടുകാരുടെ സംശയം.

ഇന്നലെ വൈകിട്ട് 6.05ന് ക്യാമറയിൽ പുലി പതിഞ്ഞതോടെയാണ് സംശയം മാറിയത്. ഏകദേശം 100 കിലോയോളം തൂക്കമുള്ള പോത്തിനെയാണ് പുലി പിടിച്ചത്.

റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.