കൊച്ചി: പരീക്ഷ എഴുതാൻ അനുമതി ആവശ്യപ്പെട്ടുള്ള കാലടി സർവകലാശാല വിദ്യാർത്ഥികളുടെ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ചാണ് വിധി പറയുക. സസ്പെൻഷൻ നടപടികൾ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാണ് വിദ്യാർത്ഥികളുടെ വാദം.
ഖേദം പ്രകടിപ്പിച്ചാൽ 12 പേരുടെ സസ്പെൻഷൻ പിൻവലിക്കാമെന്നാണ് സർവകലാശാലയുടെ നിലപാട്. എന്നാൽ, മാപ്പ് പറയണമെന്ന നിബന്ധന ചട്ടവിരുദ്ധമാണെന്നും, പ്രസ്തുത ഉത്തരവുകൾ റദ്ദാക്കണമെന്നും വിദ്യാർത്ഥികൾ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാനുള്ള ഹാജർ ഇല്ലെന്നും, സർവകലാശാല കോടതിയിൽ നിലപാടെടുത്തിരുന്നു.
സർവകലാശാലയിലെ എസ്എഫ്ഐ നിരാഹാര സമരം തുടരുകയാണ്. രണ്ടുമാസത്തിലേറെയായി വിദ്യാർത്ഥികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീരുന്നില്ലേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
ആഗസ്റ്റ് 13-ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തത്. രണ്ടു മാസം കഴിഞ്ഞിട്ടും സസ്പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്പെൻഡ് ചെയ്യപ്പെട്ട 16-ൽ 10 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പ് എഴുതി നൽകിയാൽ 12 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കാമായിരുന്നു എന്നായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.