കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ മാത്രം കുറ്റക്കാരെന്ന് കോടതി. ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, എം. വിപിൻ, എം. വൈശാഖ് എന്നിവരാണ് കുറ്റക്കാർ. വൈശാഖും വിപിനും സഹോദരങ്ങളാണ്. മറ്റ് 16 പ്രതികളെയും സംശയത്തിന്റെ ആനുകൂല്യം നൽകി വെറുതെവിട്ടു. ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി പറഞ്ഞു.

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികൾ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ആകെ 20 പ്രതികളാണ് കേസിലുണ്ടായിരുന്നത്. കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടിരുന്നു. കുറ്റക്കാരായ പ്രതികൾക്ക് മറ്റന്നാൾ ശിക്ഷ വിധിക്കും.

സിപിഎം പ്രവർത്തകനായിരുന്ന സി.വി ധനരാജിനെ 2016 ജൂലൈ 11നാണ് വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45 ഓടെ രണ്ടു ബൈക്കുകളിലായി ആർഎസ്എസ്-ബിജെപി പ്രവർത്തകർ പിന്തുടർന്ന് വീട്ടിന് സമീപത്ത് വെച്ച് വെട്ടുകയായിരുന്നുവെന്നാണ് കേസ്. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകു വശത്തുവെച്ച് വെട്ടി വീഴ്ത്തി. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം.

രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 20 പേർ ചേർന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. 2016 ജൂൺ 25ന് കക്കമപാറ മുത്തപ്പൻ ക്ഷേത്രത്തിന് സമീപവും, പിന്നീട് പയ്യന്നൂർ ആർഎസ്എസ് കാര്യാലയത്തിന് സമീപത്തു വെച്ചും രണ്ട് ഘട്ടങ്ങളിലായി ഗൂഢാലോചന നടന്നതായാണ് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ, ഗൂഢാലോചന നടത്തിയതിന് തെളിവ് നൽകാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒന്നാം സാക്ഷിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.