കോഴിക്കോട്: സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ലക്ഷദ്വീപ് അധികൃതർ പിടിച്ചുവെച്ച എട്ട് മത്സ്യത്തൊഴിലാളികളെ നാട്ടിലെത്തിച്ചു. 25,000 രൂപ പിഴയടച്ച ശേഷമാണ് തൊഴിലാളികൾ ബോട്ടുമായി കോഴിക്കോട് ബേപ്പൂരിലേക്ക് തിരിച്ചത്.
കഴിഞ്ഞ ദിവസം ലക്ഷദ്വീപിൽ നിന്ന് പുറപ്പെട്ട ബോട്ട് ഇന്നലെ രാത്രി 11.30-ഓടെ ബേപ്പൂർ ഹാർബറിൽ സുരക്ഷിതമായി എത്തിച്ചേർന്നു. ഈ മാസം നാലിന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപ് അധികൃതർ പിടികൂടുകയായിരുന്നു. ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ വിഷയത്തിൽ ഇടപെട്ടിരുന്നു.
കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ചാലിയം സ്വദേശി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള 'അൽ ഹിലാഹി' എന്ന ഫൈബർ ബോട്ടാണ് ലക്ഷദ്വീപ് അധികൃതർ പിടികൂടിയത്. ഈ മാസം നാലിന് പുലർച്ചെയാണ് എട്ടംഗ സംഘം ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടത്. അഞ്ചിനാണ് ബോട്ട് പിടികൂടിയത്. സമുദ്രാതിർത്തി ലംഘിച്ചെന്നും അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്നും ആരോപിച്ചാണ് നടപടി. ഒരാഴ്ചയായി ബോട്ട് ലക്ഷദ്വീപിൽ പിടിച്ചിട്ടിരിക്കുകയാണ്. ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികളിൽ ഏഴുപേർ തിരുവനന്തപുരം സ്വദേശികളും ഒരാൾ കോഴിക്കോട് മാറാട് സ്വദേശിയുമാണ്.