ന്യൂഡൽഹി: പ്രമുഖ കുപ്പിവെള്ള കമ്പനി ബിസ്ലേരി ഇന്റർനാഷണലിനെതിരെ പ്രോസിക്യൂഷൻ നടപടിക്ക് ഭക്ഷ്യസുരക്ഷ അതോറിറ്റിയുടെ അനുമതി. ബിസ്ലേരി ഇന്റർനാഷണലിന്റെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പരിശോധനയിൽ അനുവദനീയമായ പരിധിയേക്കാൾ കൂടുതൽ ബ്രോമേറ്റ് കണ്ടെത്തി. കമ്പനിയുടെ അപ്പീലിനെ തുടർന്ന് സാമ്പിൾ റഫറൽ ലബോറട്ടറിയിൽ വീണ്ടും പരിശോധന നടത്തിയിരുന്നു.
രണ്ടാം പരിശോധനയിലും വെള്ളത്തിൽ പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ കണ്ടെത്തി. 2006-ലെ എഫ്എസ്എസ് ആക്ട് പ്രകാരം പ്രോസിക്യൂഷൻ ആരംഭിക്കാൻ അനുമതി നൽകി.
വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ചില പ്രക്രിയകളിൽ രൂപപ്പെടാവുന്ന രാസസംയുക്തമാണ് ബ്രോമേറ്റ്. കുടിവെള്ളത്തിൽ ഇതിന്റെ അളവ് നിശ്ചിത പരിധിക്കുള്ളിൽ നിലനിർത്തേണ്ടതുണ്ട്.
അനുവദനീയമായതിലധികം ബ്രോമേറ്റ് അടങ്ങിയ വെള്ളം ദീർഘകാലം ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായേക്കാം. ബിസ്ലേരി ഇന്റർനാഷണലിന്റെ സ്ഥാപനത്തിൽനിന്ന് ശേഖരിച്ച പാക്കേജ്ഡ് കുടിവെള്ളത്തിന്റെ (മിനറൽ വാട്ടർ ഒഴികെയുള്ളത്) സാമ്പിളിലാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്.
ഭക്ഷ്യവ്യവസായ സ്ഥാപനങ്ങൾക്കും ഇ-കൊമേഴ്സ് കമ്പനികൾക്കുമെതിരായ പരിശോധനകളും നടപടികളും എഫ്എസ്എസ്എഐ അടുത്തിടെ ശക്തമാക്കിയിരുന്നു. എനർജി ഡ്രിങ്ക്, മദ്യപാനീയങ്ങൾ എന്നിവയുടെ നിർമാതാക്കൾക്കെതിരെയും അതോറിറ്റി നടപടികൾ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ബിസ്ലേരിയുടെ പാക്ക് ചെയ്ത കുടിവെള്ള സാമ്പിൾ പരിശോധിച്ചത്.