കണ്ണൂർ: പയ്യന്നൂരിലെ സിപിഎം പ്രവർത്തകൻ സി.വി ധനരാജിനെ വെട്ടി കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. ബിജെപി-ആർഎസ്എസ് പ്രവർത്തകരായ ഇരുപത് പേരാണ് കേസിലെ പ്രതികൾ. തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക.

സിപിഎം പ്രവർത്തകനായിരുന്ന സി.വി ധനരാജിനെ 2016 ജൂലൈ 11-നാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ രാത്രി 9.45-ഓടെ രണ്ടു ബൈക്കുകളിലായി ആർഎസ്എസ് ബിജെപി പ്രവർത്തകർ പിന്തുടർന്ന് വീട്ടിലെ സമീപത്ത് വെച്ച് വെട്ടുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ ധനരാജിനെ വീടിന്റെ പുറകു വശത്തുവെച്ച് വെട്ടി വീഴ്ത്തുകയായിരുന്നു. അമ്മയുടെയും ഭാര്യയുടെയും മുന്നിലിട്ടായിരുന്നു ക്രൂര കൊലപാതകം. രാഷ്ട്രീയ വിരോധം മൂലം ആർഎസ്എസ്-ബിജെപി പ്രവർത്തകരായ 20 പേർ ചേർന്ന് ആസൂത്രണം നടത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

ആദ്യ മൂന്നു പ്രതികളായ ടി.പി ബിജു, വിപിൻ എം, വൈശാഖ് എം എന്നിവർ ചേർന്നാണ് ധനരാജിനെ വെട്ടി കൊലപ്പെടുത്തുന്നത്. ഇതിൽ വിപിനും വൈശാഖും സഹോദരങ്ങളാണ്. ആറാം പ്രതി കെ. അനൂപും പത്താം പ്രതി കെ. മനൂപും സഹോദരന്മാരാണ്. ഒമ്പതാം പ്രതി പി. രാജേഷ് കുമാറിന്റെ സഹോദരനാണ് പതിനെട്ടാം പ്രതി രമേശൻ. കേസിലെ പതിനാറാം പ്രതി തിരുവനന്തപുരം സ്വദേശിയായ കണ്ണൻ എന്ന അജീഷ് ആർഎസ്എസ് ജില്ലാ പ്രമുഖനായിരുന്നു.

കേസിലെ പന്ത്രണ്ടാം പ്രതി ചൂരക്കാട് ബിജു ഒരു വർഷത്തിനുശേഷം കൊല്ലപ്പെട്ടു. ധനരാജിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. സാക്ഷിപ്പട്ടികയിലെ മൂന്നു പേർ കോടതിയിൽ എത്തിയില്ല. ധനരാജനെ കൊലപ്പെടുത്താൻ രണ്ടിടത്തായി ഗൂഢാലോചന നടന്നു എന്നാണ് പ്രോസിക്യൂഷൻ വാദം. 127 രേഖകൾ, വസ്ത്രങ്ങൾ, ആയുധം, വാഹനം ഉൾപ്പെടെ 33 മെറ്റീരിയൽ തെളിവുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.