കോഴിക്കോട്: സ്വന്തം തട്ടകമായ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ തൃശ്ശൂർ മാജിക് എഫ്സി എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ച് കാലിക്കറ്റ് എഫ്സി. ഇതോടെ തൃശ്ശൂർ സൂപ്പർ ലീഗ് കേരളയിൽ സെമി കാണാതെ പുറത്തായി. ഒരു മത്സരം ശേഷിക്കെയാണ് തൃശ്ശൂരിന് പുറത്തേക്കുള്ള വഴിതുറന്നത്. കാലിക്കറ്റ് എഫ്സിക്കായി മാക്സിമിലിയാനോ, ലിയോ ഡേവിഡ്, ആൻഡ്രൂസ് എന്നിവർ സ്കോർ ചെയ്തു. ഒൻപത് കളികളിൽ 23 പോയിന്റുമായി കാലിക്കറ്റ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ഇത്രയും കളികളിൽ ഏഴ് പോയിന്റ് മാത്രമുള്ള തൃശ്ശൂരിന് മടക്കം.
12-ാം മിനിറ്റിൽ ബോക്സിന് പുറത്തുനിന്നുള്ള അഫ്സലിന്റെ ബൈസിക്കിൾ കിക്ക് കാലിക്കറ്റ് ഗോൾകീപ്പർ മിർഷാദ് കൈപ്പിടിയിലൊതുക്കിയതോടെയാണ് മത്സരം ആവേശത്തിലേക്ക് കടന്നത്. മൂന്ന് മിനിറ്റിനകം കാലിക്കറ്റ് ലീഡെടുത്തു. അരുൺകുമാറിന്റെ പാസ് സ്വീകരിച്ച് മുന്നേറിയ മാക്സിമിലിയാനോ, മൂന്ന് പ്രതിരോധതാരങ്ങളെ മറികടന്ന് ബോക്സിലേക്ക് കയറി, ഗോൾകീപ്പർ കമാലുദ്ദീനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു (1-0). 29-ാം മിനിറ്റിൽ ലിയോ ഡേവിഡിന്റെ ശക്തിയേറിയ ഗ്രൗണ്ട് ഷോട്ടുമായ ടൈമിങ്ങും ഡൈവിങ്ങുമായി തൃശ്ശൂർ ഗോൾകീപ്പർ കമാലുദ്ദീൻ തടുത്തിട്ടു. തൊട്ടുപിന്നാലെ തൃശ്ശൂരിന് സമനിലയ്ക്കുള്ള സുവർണാവസരം. വാലന്റൈന്റെ ശ്രമം ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ആദ്യപകുതി കാലിക്കറ്റിന്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.
രണ്ടാംപകുതി തുടങ്ങി ഒന്നാം മിനിറ്റിൽ തന്നെ കാലിക്കറ്റിന്റെ ആക്രമണം. വലതുവിങ്ങിൽ നിന്ന് ആൻഡ്രൂസ് നൽകിയ ക്രോസ് പ്രശാന്ത് പോസ്റ്റിലേക്ക് തിരിച്ചുവിട്ടെങ്കിലും ഗോൾകീപ്പർ കമാലിന്റെ കൈകളിൽ വിശ്രമിച്ചു. 52-ാം മിനിറ്റിൽ കാലിക്കറ്റ് ലീഡ് രണ്ടാക്കി. പ്രശാന്തിലൂടെ ബോക്സിലേക്ക് വന്ന പന്ത് മാക്സിമിലിയാനോ ലിയോ ഡേവിഡിന് മറിച്ചുനൽകി, അവസരം കാത്തിരുന്ന ബ്രസീലുകാരൻ പിഴവ് വരുത്തിയില്ല (2-0). 79-ാം മിനിറ്റിൽ ആൻഡ്രൂസ് മൂന്നാം ഗോളോടെ പട്ടിക പൂർത്തിയാക്കി (3-0). പത്താം റൗണ്ടിലെ ആദ്യ മത്സരത്തിൽ ബുധനാഴ്ച കണ്ണൂർ വാരിയേഴ്സ് എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കണ്ണൂർ ജവഹർ മുനിസിപ്പൽ സ്റ്റേഡിയമാണ് വേദി. കിക്കോഫ് രാത്രി 7.30ന്. ഇരു ടീമുകളും ആദ്യ പാദത്തിൽ മത്സരിച്ചപ്പോൾ മലപ്പുറം ജയിച്ചിരുന്നു.