കൊല്ലം: കൊല്ലം കൊട്ടിയത്ത് ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുകയും രൂക്ഷഗന്ധവും ശ്വസിച്ച് ഓക്സിലിയം സ്കൂളിലെ 36ലധികം കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായെന്ന പരാതിയിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സംഭവത്തിൽ കൊല്ലം ജില്ലാ കലക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ ജിയോളജിസ്റ്റ്, മലിനീകരണ നിയന്ത്രണ ബോർഡ് എൻവയോൺമെന്റൽ എൻജിനീയർ എന്നിവരിൽ നിന്ന് ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൊട്ടിയം സൂര്യൻപൊയ്കയിൽ പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുകയും ഗന്ധവുമാണ് കുട്ടികളുടെ അസ്വസ്ഥതയ്ക്ക് കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നു. സ്കൂളിന് സമീപത്തുള്ള പ്ലാന്റ് പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന പുക ജനവാസ മേഖലയിലേക്ക് വ്യാപിക്കുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു.

സ്കൂളിൽ നിന്ന് ഏകദേശം 300 മീറ്റർ മാത്രം അകലെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്രദേശത്ത് നിരവധി വീടുകളുമുണ്ട്. പ്ലാന്റിൽ നിന്നുള്ള പുകയും ഗന്ധവും കാരണം മുതിർന്നവർക്കും മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.

പ്ലാന്റിന്റെ പ്രവർത്തനത്തിനെതിരെ നേരത്തെ നാട്ടുകാർ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും പ്ലാന്റ് ഉടമകൾ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയതായാണ് വിവരം. പ്ലാന്റിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ടും പഞ്ചായത്ത് അധികൃതരും ഉടമകളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുമായി ബന്ധപ്പെട്ടും പ്രദേശവാസികൾ ആശങ്ക ഉന്നയിച്ചിരുന്നു.

ഏകദേശം 1200ലധികം കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപമാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്. പ്ലാന്റ് പ്രവർത്തിക്കുന്ന സമയത്ത് കാറ്റിനൊപ്പം പുകയും ഗന്ധമുള്ള വാതകങ്ങളും ജനവാസ മേഖലയിലേക്ക് എത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. മൂന്ന് മാസം മുമ്പും പ്ലാന്റിന്റെ പ്രവർത്തനത്തിനെതിരെ പ്രദേശവാസികൾ പരാതി ഉയർത്തിയിരുന്നു. ഇതുസംബന്ധിച്ച് മീഡിയവണും വാർത്ത നൽകിയിരുന്നു.

സംഭവത്തിൽ ജില്ലാ കലക്ടർ റിപ്പോർട്ട് തേടിയിരുന്നു. ആരോഗ്യവകുപ്പ്, തഹസിൽദാർ, ജിയോളജി വിഭാഗം എന്നിവരിൽ നിന്നാണ് കലക്ടർ ആനി ജൂലാ തോമസ് റിപ്പോർട്ട് തേടിയത്. സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തിരുന്നു.