ഫറോക്ക്: പ്രവർത്തനം നിലച്ച് പൂട്ടിക്കിടക്കുന്ന ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിൽ നിന്ന് വിലപിടിപ്പുള്ള ലോഹങ്ങളും യന്ത്രഭാഗങ്ങളും വ്യാപകമായി മോഷണം പോകുന്നതായി പരാതി. ഫാക്ടറിയുടെ പ്രവർത്തനത്തിനായി സ്ഥാപിച്ച 11 കെ.വി. വൈദ്യുതി സബ് സ്റ്റേഷനിലെ ലോഹഭാഗങ്ങൾ ഉൾപ്പെടെ മോഷ്ടാക്കൾ കടത്തിയതായാണ് വിവരം. സംഭവത്തിൽ സർക്കാരും പൊലീസും അടിയന്തരമായി ഇടപെടണമെന്ന് പി.എ. മുഹമ്മദ് റിയാസ് എം.എൽ.എ ആവശ്യപ്പെട്ടു.
കമ്പനിയുടെ പിൻഭാഗത്തുള്ള വൈദ്യുതി സബ് സ്റ്റേഷനിലെ എർത്തിങ് ചെമ്പ് കമ്പികൾ, ഫ്ലാറ്റ് ട്രിപ്പുകൾ എന്നിവ ഉപയോഗിച്ചുള്ള ഭൂഗർഭ ശൃംഖല കുഴിച്ചെടുത്ത നിലയിലാണ്. രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തി ചെമ്പ് ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ലോഹസാമഗ്രികൾ പലതവണയായി കടത്തിക്കൊണ്ടുപോകുന്നതായി പരിസരവാസികളും മുൻ തൊഴിലാളികളും പറയുന്നു.
രണ്ടുവർഷം മുമ്പും ഇവിടെനിന്ന് ഏകദേശം 30 ലക്ഷം രൂപ വിലമതിക്കുന്ന ചെയിൻ കേബിളുകൾ മോഷണം പോയിരുന്നു. സംഭവത്തിൽ നല്ലളം പൊലീസ് കേസെടുത്തിട്ടുണ്ട്. മോഷ്ടാക്കളെ നാട്ടുകാർ നേരിട്ട് പിടികൂടിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിച്ചിട്ടുള്ള സ്ഥാപനത്തിൽ നിന്ന് ഇപ്പോൾ എത്രത്തോളം സാധനങ്ങൾ നഷ്ടപ്പെട്ടുവെന്ന് കൃത്യമായി കണക്കാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കാനറ ബാങ്കിന്റെ കടബാധ്യത തീർക്കുന്നതിന്റെ ഭാഗമായി ചെന്നൈ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഉത്തരവിനെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ സമ്മതം തേടാതെ റായ്പൂർ ആസ്ഥാനമായ ഛത്തീസ്ഗഡ് ഔട്ട്സോഴ്സിങ് സർവീസ് എന്ന സ്വകാര്യ ഏജൻസിക്ക് സ്റ്റീൽ കോംപ്ലക്സ് കൈമാറിയിരുന്നു. ഇതിനെതിരെ അന്നത്തെ എൽഡിഎഫ് സർക്കാരും തൊഴിലാളി സംഘടനകളും കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്പനി പൊതുമേഖലയിൽ നിലനിർത്തണമെന്നാവശ്യപ്പെട്ടുള്ള നിയമപോരാട്ടത്തിൽ ഇതുവരെ അന്തിമവിധി ഉണ്ടായിട്ടില്ല.
സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശവും ഭാവി പ്രവർത്തനവും സംബന്ധിച്ച തർക്കങ്ങൾ കോടതിയുടെ പരിഗണനയിലിരിക്കെയാണ് കോടിക്കണക്കിന് രൂപയുടെ ആസ്തികൾ മോഷണം പോകുന്നത്. നിയമപോരാട്ടം തുടരുമെന്നും കമ്പനിയുടെ സംരക്ഷണത്തിനായി ശക്തമായ ഇടപെടൽ നടത്തുമെന്നും സമരസമിതി പ്രവർത്തകർ വ്യക്തമാക്കി.