ന്യൂഡൽഹി: കുന്നംകുളം കസ്റ്റഡി മർദനത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിന് നഷ്ടപരിഹാരം നൽകാൻ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിർദേശം. സംസ്ഥാന സർക്കാരിനാണ് നിർദേശം ലഭിച്ചിരിക്കുന്നത്.
സുജിത്ത് കടുത്ത ശാരീരിക മർദനത്തിനും പീഡനത്തിനും ഇരയായെന്ന് ആരോപിച്ച് മുൻ പാർലമെന്റ് അംഗം വി.എം സുധീരൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ സമർപ്പിച്ച പരാതിയിലാണ് നടപടി.
പൊലീസ് മർദനത്തിന് ഇരയായ വ്യക്തിക്ക് ധനസഹായമായി 50,000 രൂപ നൽകണമെന്നാണ് കമ്മീഷന്റെ ശിപാർശ.
2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ സുജിത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
എസ്ഐ നുമ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരായിരുന്നു സുജിത്തിനെ മർദിച്ചത്. ഇവരെ സസ്പെൻഡ് ചെയ്യുകയുമുണ്ടായി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നീതി തേടി സുജിത്ത് വീണ്ടും രംഗത്തെത്തിയിരുന്നു. കേസിൽ തുടർനടപടി ഉണ്ടാകണമെന്നും സസ്പെൻഷനിലായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നുമാണ് സുജിത്തിന്റെ ആവശ്യം. യുഡിഎഫ് സർക്കാരിൽ വിശ്വാസമുണ്ടെന്നും സുജിത്ത് പ്രതികരിച്ചിരുന്നു.