കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളിൽ ഏഴ് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി. ആറ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ, 10-ാം പ്രതി എം.വി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ.
ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സിബിഐ പ്രത്യേക കോടതി ശിക്ഷ വിധി പ്രസ്താവിക്കുന്നത്. കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് ഉൾപ്പെടെയുള്ള 18 പേരെ കോടതി നേരത്തെ വെറുതെ വിട്ടിരുന്നു.
സംഭവദിവസം ക്രിക്കറ്റ് കളിക്കിടെ പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഷുക്കൂറും സംഘവും ആക്രമിക്കപ്പെട്ടതെന്നാണ് കേസ് രേഖകളിലുള്ളത്. സിപിഎം പ്രവർത്തകർ പിന്തുടരുന്നതായി ഭയന്ന സംഘം കണ്ണൂർ കീഴറയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട്ടിൽ അഭയം തേടി. എന്നാൽ, വീട് വളഞ്ഞെത്തിയ സംഘം ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്നും ഷുക്കൂറിന്റെയും കൂടെയുണ്ടായിരുന്നവരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് സിബിഐയുടെ കുറ്റപത്രത്തിലെ ആരോപണം.
തുടർന്ന് ഷുക്കൂറിനെയും കേസിലെ സാക്ഷിയായ സക്കറിയയെയും സമീപത്തെ വയലിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ആക്രമണമുണ്ടായെന്നും സക്കറിയ രക്ഷപ്പെട്ടെങ്കിലും ഷുക്കൂർ കുത്തേറ്റ് മരിച്ചെന്നുമാണ് കേസ്.
പി. ജയരാജനും ടി.വി രാജേഷും ചികിത്സയിലായിരുന്ന തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽവെച്ച് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നുവെന്നാണ് സിബിഐ ആരോപിച്ചത്. എന്നാൽ, ഇവർക്കെതിരെ മൊഴി നൽകിയിരുന്ന രണ്ട് പ്രധാന സാക്ഷികൾ വിചാരണയ്ക്കിടെ കോടതിയിൽ ഹാജരായിരുന്നില്ല.