ദോഹ: ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന് ഇന്ന് ഖത്തറിൽ കിക്കോഫ്. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ഫുട്ബോൾ ആവേശത്തിനാണ് ദോഹയിൽ വിസിൽ മുഴങ്ങുന്നത്. കളിയെ വരവേൽക്കാൻ രാജ്യം ഒരുങ്ങിക്കഴിഞ്ഞു. 25 ദിവസം നീണ്ടുനിൽക്കുന്ന മാമാങ്കത്തിൽ 45 ടീമുകൾ, 104 മത്സരങ്ങൾ, എട്ട് കളിക്കളങ്ങൾ ഭാഗമാകും. കൗമാര കാൽപ്പന്തുസവത്തിന്റെ മഹാമേളയ്ക്കാണ് ഖത്തറിൽ തുടക്കമാകുന്നത്. ഇന്ന് വൈകിട്ട് ആറരയ്ക്കാണ് ഉദ്ഘാടനപ്പോര്. ആതിഥേയരായ ഖത്തറും പാനമയും തമ്മിലാണ് മത്സരം. കളി നടക്കുന്ന ആസ്പയർ സോണിലെ മൈതാനങ്ങളിൽ ഇന്ന് എട്ട് മത്സരങ്ങൾ അരങ്ങേറും.
ടൂർണമെന്റിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ലോക്കൽ ഓർഗനൈസിങ് കമ്മിറ്റി അറിയിച്ചു. ഭിന്നശേഷി ആരാധകർക്കായി വീൽചെയർ സൗകര്യമുള്ള ഇരിപ്പിടങ്ങൾ, ഫാൻ സോണിൽ മൊബൈൽ സെൻസറി റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ഒരേ ദിവസം ഒന്നിലധികം മത്സരങ്ങൾ കാണാൻ സാധിക്കുന്ന തരത്തിലാണ് ടിക്കറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നിലേറെ മത്സരങ്ങളും ഫാൻ സോൺ പ്രവേശനവും ലഭ്യമാകുന്ന ഡേ പാസിന് 20 ഖത്തറി റിയാൽ ആണ് നിരക്ക്. ആരാധകർക്ക് സാംസ്കാരിക പരിപാടികൾ ആസ്വദിക്കുന്നതിനായി ഫാൻ സോണും ഒരുക്കിയിട്ടുണ്ട്. ഡിസംബർ 13-ന് അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റിന്റെ കലാശപ്പോര്.