ഉണ്ണികുളം: സംസ്ഥാനത്ത് സൈബർ തട്ടിപ്പ് വ്യാപകമാകുന്നു. ഓൺലൈൻ ട്രേഡിങ് ആപ്പിൽ പണം നിക്ഷേപിച്ച ഉണ്ണികുളം സ്വദേശികളായ ദമ്പതികൾക്ക് 26 ലക്ഷം രൂപ നഷ്ടമായി.
ട്രേഡിങ് വഴി ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്താണ് തട്ടിപ്പുസംഘം ദമ്പതികളെ സമീപിച്ചത്. ഫേസ്ബുക്ക് വഴി ഷെയർ ട്രേഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ദമ്പതികൾ പല തവണയായി പണം നിക്ഷേപിക്കുകയായിരുന്നു.
ലാഭവിഹിതം ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായതെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ ബാലുശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വാഹന ചലാന്റെ പേരിലുള്ള സൈബർ തട്ടിപ്പും സംസ്ഥാനത്ത് വ്യാപകമാണ്. ഇലക്ട്രിക് സ്കൂട്ടറിന് ഫൈൻ എന്ന പേരിൽ വന്ന സന്ദേശത്തിൽ ക്ലിക്ക് ചെയ്തതോടെ കോഴിക്കോട് നല്ലളം സ്വദേശിയായ യുവതിക്ക് ഒരുലക്ഷത്തിലധികം രൂപ നഷ്ടമായി. സമാനമായി നല്ലളം സ്വദേശിയുടെ 30,000 രൂപയും നഷ്ടമായിട്ടുണ്ട്. രണ്ട് കേസുകളിലും പൊലീസ് അന്വേഷണം തുടങ്ങി.