തിരുവനന്തപുരം: കേരളത്തെ നടുക്കിയ ശ്രീകാര്യം അഭിറാം കൊലക്കേസിൽ നിർണായക വഴിത്തിരിവ്. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ വെളിപ്പെടുത്തലോടെയാണ് കൊലപാതകത്തിന്റെ പൂർണചിത്രം തെളിഞ്ഞത്.

ആദ്യം തേങ്ങകൊണ്ട് തലക്കടിച്ച് തലയോട്ടി പൊട്ടിക്കുകയും, പിന്നീട് അഭിറാമിന്റെ തന്നെ ബെൽറ്റുകൊണ്ട് കഴുത്ത് ഞെരിച്ച് മരണം ഉറപ്പിക്കുകയുമായിരുന്നുവെന്ന് പ്രതി വെളിപ്പെടുത്തി.

അഭിറാം കൊല്ലപ്പെട്ടത് നവംബർ ഒന്നിന് ഞായറാഴ്ചയായിരുന്നു. തലേദിവസം ശനിയാഴ്ച മുതൽ തന്നെ അഭിറാമിനെ കൊല നടന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്താനുള്ള നീക്കം പ്രതികൾ തുടങ്ങിയിരുന്നു. അഭിറാമിനെയും സുഹൃത്തിനെയും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഇതിന് രണ്ട് കാരണങ്ങളാണ് പ്രതികൾ പറയുന്നത്. ഒന്ന്, ഒന്നാം പ്രതിയുടെ പഴയ കാമുകിയുമായി അഭിറാമിന്റെ സുഹൃത്ത് അടുപ്പത്തിലായത്. രണ്ട്, പ്രതിയുടെ ഇപ്പോഴത്തെ സുഹൃത്തായ ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിറാമും സുഹൃത്തും ചേർന്നാണെന്ന വിശ്വാസം. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനായി രണ്ടാം പ്രതിയായ ഉമറുമായി ചേർന്ന് ഒന്നാം പ്രതി പദ്ധതി തയാറാക്കി.

ആനന്ദയെന്ന വ്യാജേന ചാറ്റ് ചെയ്ത ഒന്നാം പ്രതി, ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൺവിളയിലെത്താൻ അഭിറാമിനോട് ആവശ്യപ്പെട്ടു. അവിടെയുള്ള ബന്ധുവീട്ടിൽ ആനന്ദയുണ്ടെന്നും കാണാമെന്നുമാണ് പറഞ്ഞിരുന്നത്. ഇത് വിശ്വസിച്ച അഭിറാം വൈകിട്ട് 2.45 ഓടെ വീട്ടിൽ നിന്നിറങ്ങി. നടന്ന് മൂന്ന് മണിയോടെ മൺവിളയിലെത്തി. അരമണിക്കൂറോളം കാത്തുനിന്നിട്ടും ആനന്ദ വന്നില്ല. നാല് മണി വരെ നോക്കിയിട്ട് തിരികെ പോകാമെന്ന് കരുതി നിൽക്കുമ്പോഴാണ് ഒന്നാം പ്രതി അവിടെ എത്തിയത്.

ചാറ്റ് ചെയ്തത് ആനന്ദയല്ലെന്നും താനാണെന്നും അവിടെവെച്ച് പ്രതി വെളിപ്പെടുത്തി. തുടർന്ന് സൗഹാർദപരമായി സംസാരിക്കാമെന്ന് പറഞ്ഞ് കൊല നടന്ന സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. നാലരയോടെ ഇരുവരും കൊല നടന്ന കാട്ടിലെത്തി.

അവിടെ എത്തിയതോടെ പ്രതിയുടെ ഭാവം മാറി. ആനന്ദയുടെ സ്വകാര്യ ദൃശ്യം പ്രചരിപ്പിച്ചത് അഭിറാമും സുഹൃത്തുമല്ലേ എന്ന് ചോദിച്ച് തർക്കം തുടങ്ങി. സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. അഭിറാം തയാറാകാതിരുന്നതോടെ കയ്യാങ്കളിയായി. അതിനിടെയാണ് തേങ്ങയെടുത്ത് അഭിറാമിന്റെ തലയ്ക്ക് അടിച്ചത്. രണ്ട് തവണ അടിയേറ്റതോടെ അഭിറാം ബോധംകെട്ട് വീണു.

തുടർന്ന് നേരത്തെ പറഞ്ഞുറപ്പിച്ച പദ്ധതി പ്രകാരം പ്രതി ഉമറിനെ വിളിച്ചുവരുത്തി. ഉമർ വന്നയുടൻ അഭിറാമിനെ ഉണർത്താൻ ശ്രമിച്ചു. പാതി ബോധം തെളിഞ്ഞതോടെ വീണ്ടും ആക്രമിച്ചു. ഒടുവിൽ അഭിറാമിന്റെ തന്നെ ബെൽറ്റ് ഊരി കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ച് മരണം ഉറപ്പാക്കി.

ശേഷം മൃതദേഹം ചാക്കിലാക്കി ആക്കുളം കായലിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. എന്നാൽ മഴ പെയ്തതോടെ അത് പാളി. തെളിവ് നശിപ്പിക്കാനായി കൊലയ്ക്ക് ഉപയോഗിച്ച ബെൽറ്റും അഭിറാമിന്റെ മൊബൈലും വസ്ത്രങ്ങളും കല്ലിൽ കെട്ടി സമീപത്തെ കിണറ്റിൽ താഴ്ത്തി.

പ്രതികളുടെ പലതവണയുള്ള ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് കേസിന്റെ ചിത്രം തെളിഞ്ഞത്.