ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) എംഎൽഎ വി.എസ്. ബാബു (75) അന്തരിച്ചു. ഇക്കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ നിന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ പരാജയപ്പെടുത്തിയാണ് വി.എസ്. ബാബു എംഎൽഎ ആയത്. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം.
ശ്വസനസംബന്ധമായ അസുഖത്തെത്തുടർന്ന് സെപ്റ്റംബർ 9-ന് അദ്ദേഹത്തെ ചെന്നൈയിലെ എം.ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി അധികൃതർ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പ്രകാരം, അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയും, തുടർന്ന് ഹൃദയസ്തംഭനം ഉണ്ടാകുകയും ഇന്ന് ഉച്ചയ്ക്ക് 2.24-ഓടെ മരണം സംഭവിക്കുകയുമായിരുന്നു.
ചെന്നൈയിലെ നഗര രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകളുടെ അനുഭവപരിചയമുള്ള മുതിർന്ന നേതാവായിരുന്നു വി.എസ്. ബാബു. മുൻപ് ഡിഎംകെയിലും എഐഎഡിഎംകെയിലും പ്രധാന പദവികൾ വഹിച്ചിട്ടുണ്ട്. 2006 മുതൽ 2011 വരെ പുരസൈവാക്കം എംഎൽഎ ആയിരുന്നു. ഉത്തര ചെന്നൈയിലെ ഡിഎംകെയുടെ കരുത്തുറ്റ ജില്ലാ സെക്രട്ടറിയുമായിരുന്നു.
വ്യക്തിപരമായ പബ്ലിസിറ്റി നേടുന്നതിലുപരി, സാധാരണക്കാരുമായി നേരിട്ട് ഇടപഴകിയും മണ്ഡലത്തിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുമാണ് അദ്ദേഹം ജനകീയനായത്.
*സ്റ്റാലിനെ അട്ടിമറിച്ച വിജയം*
ബാബുവും സ്റ്റാലിനും തമ്മിലുള്ള ബന്ധത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2011ൽ കൊളത്തൂർ മണ്ഡലത്തിൽ സ്റ്റാലിൻ ആദ്യമായി മത്സരിക്കുമ്പോൾ അവിടുത്തെ തെരഞ്ഞെടുപ്പ് ചുമതല വി.എസ്. ബാബുവിനായിരുന്നു. അന്ന് സ്റ്റാലിൻ കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ പാർട്ടി ബാബുവിനെ ചോദ്യം ചെയ്യുകയും പിന്നീട് അദ്ദേഹം പാർട്ടി വിടുകയും ചെയ്തിരുന്നു. പിന്നീട് എഐഎഡിഎംകെയിൽ ചേർന്ന അദ്ദേഹം, ഈ വർഷം ഫെബ്രുവരിയിലാണ് നടൻ വിജയുവിന്റെ ടിവികെയിൽ ചേർന്നത്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊളത്തൂർ മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ അട്ടിമറിച്ചാണ് വി.എസ്. ബാബു എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടത്. 8,795 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. 22 റൗണ്ടുകൾ നീണ്ട വോട്ടെണ്ണലിനൊടുവിൽ ബാബു 80,000ത്തിലധികം വോട്ടുകൾ നേടിയപ്പോൾ സ്റ്റാലിന് 72,000 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.