ദോഹ: ഹൈവേകളിൽ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നവർക്കെതിരെ പിഴ ചുമത്തുകയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് 90 ദിവസം വരെ വാഹനം പിടിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ഖത്തറിന്റെ പുതിയ ട്രാഫിക് നിയമം ഡിസംബർ 19 മുതൽ പ്രാബല്യത്തിൽ വരും. വാർത്താ സമ്മേളനത്തിൽ ഖത്തർ ആഭ്യന്തര മന്ത്രാലയ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

2026-ലെ 19-ാം നമ്പർ നിയമപ്രകാരം പുറത്തിറക്കിയ പുതിയ നിയമം, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും അപകടമരണങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. ഹൈവേകളിൽ കുറഞ്ഞതും കൂടിയതുമായ വേഗപരിധികൾ ഏർപ്പെടുത്തുന്നതിനും നിയമം വഴിയൊരുക്കുന്നു.

ഹൈവേകളിലെ വേഗനിയന്ത്രണ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുമെന്നും ട്രാഫിക് ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജാബർ അലി അൽ കുബൈസി പറഞ്ഞു. ഇതിന്റെ ഭാഗമായി വാഹനങ്ങൾക്ക് കുറഞ്ഞതും കൂടിയതുമായ വേഗപരിധികൾ നിശ്ചയിക്കും. കാരണങ്ങളില്ലാതെ വളരെ കുറഞ്ഞ വേഗത്തിൽ വാഹനമോടിക്കുന്നത് ഗതാഗതത്തിന്റെ സുഗമമായ ഒഴുക്കിനെ തടസ്സപ്പെടുത്തുകയും മറ്റ് വാഹനങ്ങൾക്ക് അപകടസാധ്യത സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. ഇത്തരം പ്രവൃത്തികൾക്കും നിയമപ്രകാരം പിഴ ഉൾപ്പെടെയുള്ള നടപടികളുണ്ടാകും.

ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഉൾപ്പെടെ ശ്രദ്ധതിരിക്കുന്ന എല്ലാ പ്രവൃത്തികളും പുതിയ നിയമം നിരോധിക്കുന്നതായി ബ്രിഗേഡിയർ അൽ കുബൈസി വ്യക്തമാക്കി. ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നവരുടെ വാഹനങ്ങൾ 90 ദിവസം വരെ പിടിച്ചെടുക്കാൻ ബന്ധപ്പെട്ട ട്രാഫിക് അധികൃതർക്ക് അധികാരം നൽകുന്നതാണ് പുതിയ വ്യവസ്ഥ.

അപകടങ്ങളുടെ കണക്കുകളും ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട സ്ഥിതിവിവരങ്ങളും വിലയിരുത്തിയാണ് കർശന നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുതിയ നിയമവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്കും അറിയിപ്പുകൾക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ആശയവിനിമയ ചാനലുകളെയാണ് ആശ്രയിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.