മലപ്പുറം: ഫീസ് ഈടാക്കിയിട്ടും അച്ചടിച്ച ആർസി നൽകാത്തതിന് അപേക്ഷകന് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതിയുടെ ഉത്തരവ്. ഉടമസ്ഥാവകാശം മാറ്റിയ വാഹനത്തിന്റെ അച്ചടിച്ച ആർസി നൽകാത്തതിനാണ് മോട്ടോർ വാഹന വകുപ്പിനെതിരായ നടപടി. മലപ്പുറം പള്ളിക്കൽ സ്വദേശി ആത്മേശനാണ് പരാതി നൽകിയത്.
2025 ഫെബ്രുവരി 14നാണ് കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും അച്ചടിച്ച ആർസി തപാലിൽ ലഭിക്കുന്നതിനുമായി 245 രൂപ ഫീസ് അടച്ച് അപേക്ഷ സമർപ്പിച്ചത്.
എന്നാൽ അച്ചടിച്ച ആർസി ലഭിക്കാതിരുന്നതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സമീപിച്ചപ്പോൾ, 2025 മാർച്ച് 1 മുതൽ ഡിജിറ്റൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംവിധാനം നിലവിൽ വന്നിടുണ്ടെന്നും ആവശ്യമെങ്കിൽ പരിവാഹൻ പോർട്ടലിൽ നിന്നും സ്വയം ഡൗൺലോഡ് ചെയ്് ഉപയോഗിക്കാമെന്നുമായിരുന്നു മറുപടി. അച്ചടിച്ച ആർസി ലഭ്യമാക്കാത്ത സാഹചര്യത്തിൽ ഈ സേവനത്തിനായി ഈടാക്കിയ 245 രൂപ തിരികെ നൽകണമെന്ന് അപേക്ഷകൻ, ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ല.
തുടർന്ന് മോട്ടോർ വാഹന വകുപ്പ് കമ്മീഷണർക്ക് പരാതി നൽകി. നടപടിയില്ലാത്തതിനെ തുടർന്നാണ് പ്രവാസിയും മലപ്പുറം ആസ്ഥാനമായി അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന "ആക്ഷൻ" എന്ന സംഘടനയുടെ പ്രസിഡന്റുമായ ആത്മേശൻ പച്ചാട്ട് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
പരാതി പരിഗണിച്ച കോടതി, മോട്ടോർ വാഹന വകുപ്പിൻ്റെ ഭാഗത്ത് നിന്നും സേവനത്തിൽ വീഴ്ചയുണ്ടായതായി കണ്ടെത്തി. അച്ചടിച്ച ആർസിക്കായി ഈടാക്കിയ 245 രൂപയും അപേക്ഷകന് അനുഭവിക്കേണ്ടി വന്ന മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 രൂപയും, കോടതി ചെലവുകൾക്കായി 3,000 രൂപയും നൽകാൻ ഉത്തരവിടുകയായിരുന്നു.