ന്യൂഡല്‍ഹി :കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 27 ാം വാര്‍ഷിക സ്മരണയില്‍ രാജ്യം. കാര്‍ഗില്‍ വിജയദിനാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ ഇന്ന് ദ്രാസിലെ യുദ്ധ സ്മാരകത്തില്‍ നടക്കും. യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീര സൈനികരുടെ കുടുംബാംഗങ്ങളെ ആദരിക്കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയാകും. ദ്രാസിലെ യുദ്ധ സ്മാരകം കേന്ദ്രീകരിച്ച് നടക്കുന്ന പ്രധാന പരിപാടിയുടെ ഭാഗമായി ഇന്നലെ സാംസ്‌കാരിക സന്ധ്യ നടന്നിരുന്നു.

ഇന്ത്യന്‍ ഭൂമിയിലേക്ക് പാക് സൈന്യം നുഴഞ്ഞു കയറിയതോടെയാണ്കാര്‍ഗിലിലെ മഞ്ഞുപുതച്ച മലനിരകളില്‍ യുദ്ധം തുടങ്ങുന്നത്. 1999 മെയ് പത്തിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനികരെയാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജമ്മു കാശ്മീരിലെ ലഡാക് മേഖലയിലെ ബാള്‍ട്ടിസ്ഥാന്‍ ജില്ലയിലെ കാര്‍ഗിലില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരുടെ സാന്നിധ്യം ആദ്യം കണ്ടത് ദ്രാസ് മേഖലയില്‍ നഷ്ടപ്പെട്ട ആടിനെ തേടിയിറങ്ങിയ ആട്ടിടയന്‍ ത്യാഷി നഗ്യാന്‍ ആണ്. അദ്ദേഹം ഉടന്‍ തന്നെ സൈന്യത്തെ വിവരം അറിയിച്ചു. ഈ സൂചന പിന്തുടര്‍ന്ന് പട്രോളിംഗിനിറങ്ങിയ ക്യാപ്റ്റന്‍ സൗരഭ് കാലിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തിരികെ വന്നില്ല.



ഭീകരരുടെയും അഫ്ഗാന്‍ കൂലിപ്പടയാളികളുടെയും സഹായത്തോടെ കാര്‍ഗിലിലെ ഉയര്‍ന്ന പോസ്റ്റുകളെല്ലാം പാകിസ്ഥാന്‍ പിടിച്ചടക്കി. ദ്രാസും കാര്‍ഗിലും കടന്ന് ലഡാക്കിലേക്ക് പോകുന്ന പാത പിടിച്ചെടുക്കാനായിരുന്നു പാക് ശ്രമം. കാര്‍ഗിലിലെ ഇന്ത്യന്‍ ആയുധശേഖരശാലയ്ക്ക് നേരെ ഷെല്ലാക്രമണവുമുണ്ടായി. ഇന്ത്യന്‍ മിഗ് വിമാനം പാക് സൈന്യം വെടിവെച്ചിടുകയും ലഫ്റ്റനന്റ് കെ. നചികേത പാക് പിടിയിലാവുകയും ചെയ്തു. നചികേതയെ തേടിപ്പോയ മറ്റൊരു മിഗ് വിമാനവും ഹെലികോപ്റ്ററും പാക് സൈന്യം വെടിവെച്ചിട്ടതോടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു.

1999 ജൂണ്‍ 6-ന് ഇന്ത്യയുടെ പ്രത്യാക്രമണം ആരംഭിച്ചു. രണ്ടുലക്ഷം സൈനികരെ അണിനിരത്തിയാണ് നുഴഞ്ഞുകയറിയ പാകിസ്ഥാനെതിരെ ഇന്ത്യ തിരിച്ചടി തുടങ്ങിയത്. 30,000 ഭടന്മാര്‍ യുദ്ധമുന്നണിയില്‍ എപ്പോഴും ഉണ്ടായിരുന്നു. കാര്‍ഗിലിലും ദ്രാസിലും പ്രത്യാക്രമണം ശക്തമാക്കിയ ഇന്ത്യന്‍ സൈന്യം ബതാലിക് സെക്ടര്‍ പിടിച്ചെടുത്തു. ജാട്ട് റെജിമെന്റിലെ ക്യാപ്റ്റന്‍ സൗരഭ് കാലിയ അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തി. കനത്ത തിരിച്ചടി തുടങ്ങിയ ഇന്ത്യന്‍ സൈന്യം ടോളോലിംഗ് കുന്നുകളും ടൈഗര്‍ ഹില്ലും തിരിച്ചുപിടിച്ചു.

മലയടിവാരത്തില്‍ നിന്ന് കുന്നുകള്‍ പിടിക്കാന്‍ കയറിയ കരസേനയിലെ ധാരാളം സൈനികര്‍ക്ക് വീരമൃത്യു സംഭവിച്ചു. 1999 ജൂലൈയില്‍ ദ്രാസ് കരസേന തിരിച്ചുപിടിച്ചു. ലേസര്‍ ബോംബുകളുമായി മിറാഷ് യുദ്ധവിമാനങ്ങള്‍ കൂടി എത്തിയതോടെ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. പാകിസ്ഥാന്‍ പതിയെ പിന്‍വാങ്ങാന്‍ തുടങ്ങി. ഇന്ത്യന്‍ സൈന്യത്തിന്റെ പോരാട്ട വീറിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ പാക് സൈന്യം ഒടുവില്‍ പരാജയം സമ്മതിച്ചു.