തിരുവനന്തപുരം: വഞ്ചിയൂര്‍ പാല്‍ക്കുളങ്ങരയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. ചമ്പക്കട സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പ്രദീപ് ആണ് ആക്രമണം നടത്തിയത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം. ഇരുവരും തമ്മില്‍ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്. പ്രദീപിനെ ആക്രമിച്ച കേസില്‍ മുന്‍പ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ഇതിനുശേഷവും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുന്‍പും ഇവര്‍ തമ്മില്‍ വാക്കേറ്റവും തര്‍ക്കവും ഉണ്ടായിരുന്നതായും പൊലീസ് വ്യക്തമാക്കി. പാല്‍ക്കുളങ്ങരയില്‍ വച്ചാണ് പ്രദീപ് വിശാഖിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ പിന്നീട് പൊലീസെത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

കൊല്ലപ്പെട്ട വിശാഖും ആക്രമണം നടത്തിയ പ്രദീപും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി വഞ്ചിയൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ആക്രമണം നടത്തിയ പ്രദീപിന് ഒപ്പം മൂന്ന് പേര്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഇവര്‍ ഒരു കാറിലാണ് സംഭവ സ്ഥലത്ത് എത്തിയത്. കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന ഉള്ളതായും പൊലീസ് സംശയിക്കുന്നു