ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാം മെഡൽ. പുരുഷൻമാരുടെ 60 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഋഷികാന്ത സിങ് വെള്ളി മെഡൽ സ്വന്തമാക്കി. സ്നാച്ചിൽ പുതിയ ഗെയിംസ് റെക്കോർഡോടെ ആകെ 264 കിലോ ഗ്രാം ഭാരയമുയർത്തിയാണ് താരം വെയ്റ്റ്ലിഫ്റ്റിങിൽ വെള്ളി സ്വന്തമാക്കിയത്. 273 കിലോ ഉയർത്തി ഗെയിംസ് റെക്കോർഡോടെ മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിൻ കസ്ദാനാണ് സ്വർണം നേടിയത്. ഇത്തവണത്ത കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ പാര പവർലിഫ്റ്റിങിൽ ഇന്ത്യയുടെ ജാന്ധു കുമാർ വെങ്കലം നേടിയിരുന്നു.
സ്നാച്ചിലെ മിന്നും പ്രകടനത്തോടെയാണ് ഋഷികാന്ത മത്സരം തുടങ്ങിയത്. ആദ്യ ശ്രമത്തിൽ 116, രണ്ടാം ശ്രമത്തിൽ 119 കിലോഗ്രാമുകൾ അനായാസം ഉയർത്തി. മൂന്നാം ശ്രമത്തിൽ 121 കിലോ ഉയർത്തിയാണ് താരം ഗെയിംസ് റെക്കോർഡ് സ്ഥാപിച്ചത്. എന്നാൽ അവസാന ശ്രമത്തിൽ മലേഷ്യൻ താരവും 121 കിലോ ഉയർത്തി ഋഷികാന്തയ്ക്കൊപ്പം എത്തി.
ഇതോടെ സ്വർണ പോരാട്ടം ക്ലീൻ ആൻഡ് ജർക്കിലേക്ക് നീങ്ങി. ഈ റൗണ്ടിലെ ആദ്യ ശ്രമത്തിൽ ഋഷികാന്ത 143 കിലോ ഉയർത്തി. മൊത്തം നേട്ടം 264ൽ എത്തിച്ചു. 148 കിലോ ഉർത്താനുള്ള ഋഷികാന്തയുടെ ശ്രമം പാളി. അവസരം മുതലെടുത്ത അനീഖ് 149 കിലോ ഉയർത്തി. സ്വർണം നേടാൻ ഋഷികാന്തയ്ക്ക് മുന്നിൽ ലക്ഷ്യം 151 കിലോ ആയി. പക്ഷേ ഈ ശ്രമവും പാളി. അതോടെ ഋഷികാന്ത 264 കിലോയിൽ വെള്ളിയും അനീഖ് 273 കിലോയിൽ സ്വർണവും ഉറപ്പിക്കുകയായിരുന്നു.