തിരുവനന്തപുരം: വഞ്ചിയൂരിൽ കൈതമുക്ക് സ്വദേശി വിശാലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾ രക്ഷപ്പെട്ട വാഹനം പൊലീസ് കണ്ടെത്തി. പുലയനാർകോട്ടയിൽ നിന്നാണ് മാരുതി ആൾട്ടോ കാർ കണ്ടെത്തിയത്. വാഹനത്തിൽ നിന്ന് മൂന്ന് വെട്ടുകത്തികളും മദ്യക്കുപ്പികളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പ്രദീപും സംഘവും ചേർന്ന് വിശാലിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേസിൽ പ്രദീപ് ഉൾപ്പെടെ നാല് പേരെ പ്രതികളായി തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതികൾ കാറിൽ രക്ഷപ്പെടുകയായിരുന്നു.

ഫോറൻസിക് പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരുവനന്തപുരം നഗരമാകെ വ്യാപക തിരച്ചിൽ തുടരുകയാണെന്നും കേസിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.