കോഴിക്കോട് : കോർട്ട്റോഡ് രണ്ടാംഗേറ്റിന് സമീപം മിഠായിത്തെരുവിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട കുഴി വ്യാപാരികളെ വലയ്ക്കുന്നു. സമീപത്തെ ബഹുനിലക്കെട്ടിടത്തിലേക്ക് ഹൈടെൻഷൻ ഭൂഗർഭ കേബിൾ കണക്‌ഷൻ നൽകാനായി കെ.എസ്.ഇ.ബി. എടുത്ത കുഴിയാണ് വ്യാപാരികൾക്കും യാത്രക്കാർക്കും ഒരുപോലെ വിനയായത്.

പൊതുവേ വീതികുറഞ്ഞ റോഡിൽ കുഴിമൂലം വലിയ ഗതാഗതക്കുരുക്കാണുണ്ടാവുന്നത്‌, നടപ്പാതയും അപകടനിലയിലാണ്. മഴപെയ്ത് വെള്ളം നിറഞ്ഞതോടെ കുഴി കാൽനടക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. ഇതുമൂലം സമീപത്തെ കടകളിലേക്ക് ആൾക്കാർ എത്താത്തത് വൻനഷ്ടം വരുത്തുന്നതായി വ്യാപാരികൾ പറഞ്ഞു. ഉടനടി പണിതീർത്ത് റോഡ് പൂർവസ്ഥിതിയിലാക്കുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ പറഞ്ഞു.